അന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിരിച്ചിത്രം 'ത്രിശങ്കു'വിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൻ്റെ പ്രമേയവും താരങ്ങളെയും വ്യക്തമാക്കുന്ന ടീസറിന് മികച്ച അഭിപ്രായമാണ് കിട്ടുന്നത്
അന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിരിച്ചിത്രം 'ത്രിശങ്കു'വിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൻ്റെ പ്രമേയവും താരങ്ങളെയും വ്യക്തമാക്കുന്ന ടീസറിന് മികച്ച അഭിപ്രായമാണ് കിട്ടുന്നത്. മേയ് 26 ന് 'ത്രിശങ്കു' തിയേറ്ററുകളിലെത്തും. നവാഗതനായ അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'അന്ധാധൂൻ', 'മോണിക്ക ഒ മൈ ഡാർലിംഗ്' തുടങ്ങിയ സിനിമകളാൽ ശ്രദ്ധേയമായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് 'ത്രിശങ്കു'.
ഇന്ത്യൻ നവതരംഗ സിനിമാ സംവിധായകൻ ശ്രീറാം രാഘവനാണ് മാച്ച്ബോക്‌സ് ഷോട്സിന്റെ മെൻ്റർ. മാച്ച്ബോക്‌സ് ഷോട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
'ത്രിശങ്കു' ഒരു മുഴുനീള കോമഡി റൊമാന്റിക് ചിത്രമായിരിക്കുമെന്ന് നിർമാതാവ് സഞ്ജയ് റൗത്രേ പറഞ്ഞു. മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങൾ പഠിക്കാൻ ശ്രമിച്ച്, വളരെ ശ്രദ്ധയോടെയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. പ്രേക്ഷകർക്ക് വൈകാരികമായ ഒരനുഭവമായിരിക്കും ഈ ചിത്രം. അവരുടെ സ്വന്തം ജീവിതവുമായി വളരെ പെട്ടെന്ന് ഈ സിനിമക്ക് താദാത്മ്യം സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ടീസർ പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ ആഖ്യാനരീതിയും സംവിധാനശൈലിയും അഭിനേതാക്കളുടെ പ്രകടനവും ഏറെ ചർച്ചയായി. കഴിവുറ്റ ഒരുപിടി അണിയറപ്രവർത്തകരെ അണിനിരത്താൻ കഴിഞ്ഞു എന്നതാണ് ത്രിശങ്കുവിന്റെ നേട്ടമെന്ന് നിർമാതാവ് സരിത പാട്ടീൽ പറഞ്ഞു. "ടീസറിന് കിട്ടുന്ന ജനപ്രീതി സിനിമയിലും പ്രതിഫലിക്കുമെന്ന് ഉറപ്പുണ്ടെന്ന് സരിത പാട്ടീൽ പറയുന്നു. മലയാള സിനിമാപ്രേമികളെ തിയേറ്ററുകളിൽ ചിരിപ്പിച്ചുല്ലസിക്കാൻ ഈ സിനിമക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, ഫാഹിം സഫർ, ശിവ ഹരിഹരൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠം. പാട്ടുകളും പശ്ചാത്തല സംഗീതവും ജെകെയുടേതാണ്. ധനുഷ് നായനാർ ആണ് സൗണ്ട് ഡിസൈൻ. ഇ4എന്റർടൈൻമെന്റിലൂടെ എ.പി ഇന്റർനാഷണൽ ആണ് ചിത്രം വിതരണം ചെയ്യുന്നത്. തിങ്ക് മ്യൂസിക് ആണ് ഗാനങ്ങൾ റിലീസ് ചെയ്യുന്നത്. ടീസർ ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്.