മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലും സീരീസ് ലഭ്യമാവും
മലയാളത്തില്‍ തങ്ങളുടെ രണ്ടാമത്തെ വെബ് സിരീസുമായി പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. ആദ്യ സീസണ്‍ ഈ വര്‍ഷം ജൂണില്‍ സ്ട്രീം ചെയ്ത കേരള ക്രൈം ഫയല്‍സിന് ശേഷം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ വരുന്ന മലയാളം വെബ് സിരീസ് ആയിരിക്കും ഇത്. കേരള ക്രൈം ഫയല്‍സ് അതിന്‍റെ പേര് പോലെതന്നെ കുറ്റാന്വേഷണ കഥകളാണ് പറഞ്ഞതെങ്കില്‍ മാസ്റ്റര്‍പീസ് ഒരു ഫാമിലി ഫണ്‍ റൈഡ് ആയിരിക്കും. സിനിമാ മേഖലയില്‍ നിന്നുള്ള പ്രശസ്തരുടെ നിരയാണ് സിരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിത്യ മേനൻ, ഷറഫുദ്ദീൻ എന്നിവർക്കൊപ്പം രഞ്ജി പണിക്കർ, മാലാ പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിരീസിന്‍റെ ടീസര്‍ പുറത്തെത്തി.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളിലും സീരീസ് ലഭ്യമാവും. ഫാമിലി കോമഡിയുടെയും ഹൃദയസ്പർശിയായ ഡ്രാമയുടെയും മികച്ച സംയോജനമാണ് മാസ്റ്റർപീസ് എന്ന് അണിയറക്കാര്‍ പറയുന്നു. എല്ലാ പ്രായത്തിലുമുള്ള കാഴ്ചക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു യഥാർത്ഥ ഫാമിലി എന്റർടെയ്‌നർ സ്വഭാവത്തിലുള്ളതാണ് ഈ സീരീസ് എന്നും. സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിൽ മാത്യു ജോർജ്ജ് നിർമ്മിച്ചിരിക്കുന്ന ഈ ഷോ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് എൻ ആണ്. ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും തെക്കൻ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമാണ് ശ്രീജിത്ത്. മാസ്റ്റർപീസിനെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾ വരും ദിവസങ്ങളിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. റിലീസ് തീയതിയും കഥാഗതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളുമൊക്കെ വൈകാതെ പുറത്തെത്തും.
ALSO READ : റിലീസ് തീയതിയില്‍ വീണ്ടും ട്വിസ്റ്റ്? 'വാലിബന്' മുന്‍പ് തിയറ്ററുകളിലേക്ക് 'ബറോസ്'?