റഷീദ് പാറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ വേൾഡ് പ്രീമിയർ ആയി തെരഞ്ഞെടുക്കപ്പെട്ട മനോരാജ്യം എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ഗോവിന്ദ് പത്മസൂര്യയാണ് ചിത്രത്തിലെ നായകന്‍. നടൻ ജയസൂര്യയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ റിലീസ് ആയത്. ഓസ്ട്രേലിയൻ ഫിലിം ഫെസ്റ്റിവലിൽ സെലക്ഷൻ നേടിയ ചിത്രമാണ് മനോരാജ്യം. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സി കെ അനസ് മോൻ നിർമ്മിച്ച് റഷീദ് പാറക്കൽ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പൂർണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സമീർ എന്ന ചിത്രത്തിനു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു ഇടവേളയ്ക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കൂടിയാണ് മനോരാജ്യം.
ഓസ്ട്രേലിയയിൽ താമസിക്കുന്ന, എന്നാല്‍ കേരള തനിമയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന മനുവിന്റെയും പ്രവാസ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തിന്റേയും കഥയാണ് മനോരാജ്യം. മനുവിന്റെയും നായികയായ മിയയുടെയും സംഘർഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. രഞ്ജിത മേനോൻ, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ജസൺവുഡ്, റയാൻ ബിക്കാടി, യശ്വി ജസ്വൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മെൽബൺ സിറ്റിയുടെ മനോഹാരിതയും കഥാപശ്ചാത്തലത്തിന്റെ നിഷ്കളങ്കതയും ചേർന്ന് ചിരിക്കാനും ചിന്തിക്കാനുമായുള്ള ഫാമിലി ഡ്രാമയാണ് മനോരാജ്യം.
മധേസ് ആർ ക്യാമറമാൻ ആയിട്ടുള്ള ചിത്രത്തിന്റെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. റഷീദ് പാറക്കൽ, രഞ്ജിത മേനോൻ എന്നിവരുടെ വരികൾക്ക് യുനസിയോയാണ് ഈണം പകർന്നിരിക്കുന്നത്. കോ പ്രൊഡ്യൂസർ രശ്മി ജയകുമാർ, മാർക്ക് യു എസ്, കോൺസെപ്ഷൻ അയൂബ് തലശ്ശേരി പറമ്പിൽ, ബിജിഎം സുപ, രാമു, ആർട്ട് ഡയറക്ടർ ശ്രീരാജ് രാജപ്പൻ, രെജു റാഫെൽ, മേക്കപ്പ് ലിജി വർഗീസ്, യാഷ്വി ജസ്വൽ, പ്രൊഡക്ഷൻ കൺട്രോളർ പി സി മുഹമ്മദ്, കോസ്റ്റൂംസ് ശബാന, ഇയ്ന, എ ആർ ഹാൻഡ്‌ലൂംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ലിനീഷ് ജോൺ, അസോസിയേറ്റ് ഡയറക്ടർ നൈനാൻ ഷെരീഫ്, അസിസ്റ്റന്റ് ഡയറക്ടർ സുബിൻ ജോസഫ്, അസോസിയേറ്റ് ക്യാമറാമാൻ അഷ്കർ അലി ഖാൻ, കളറിസ്റ്റ് ബിലാൽ റഷീദ്, സൗണ്ട് ഡിസൈൻ കരുൺ പ്രസാദ്, സ്റ്റിൽസ് നിസാർ മൊയ്‌ദീൻ, ഡിസൈൻ സജീഷ് എം ഡിസൈൻ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. പിആർഒ എം കെ ഷെജിൻ.
ALSO READ : ഉഷ ഉതുപ്പിന്‍റെ ആലാപനം; 'ലക്കി ഭാസ്‍കര്‍' ടൈറ്റില്‍ ട്രാക്ക് പ്രൊമോ എത്തി