നോണ്‍ ലീനിയര്‍ ആയി കഥ പറഞ്ഞുപോകുന്ന ക്രൈം ഡ്രാമ
വിജയ് സേതുപതി ഒരു മികച്ച അഭിനേതാവാണെന്ന കാര്യത്തില്‍ സിനിമാപ്രേമികള്‍ക്ക് രണ്ടഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല. എന്നാല്‍ സിനിമകളുടെ തെരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ അദ്ദേഹത്തിന് പലപ്പോഴും പിഴച്ചിട്ടുണ്ട്. സമീപകാലത്ത് അദ്ദേഹം സോളോ ഹീറോ ആയി എത്തിയ ചിത്രങ്ങളില്‍ പ്രേക്ഷകപ്രീതി നേടിയവ കുറവാണ്. അതേസമയം മറ്റ് താരങ്ങളുടെ ചിത്രങ്ങളില്‍ സേതുപതി അമ്പരപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം മഹാരാജയിലൂടെ ആ പതിവ് തെറ്റിച്ചിരിക്കുകയാണ് വിജയ് സേതുപതി. അദ്ദേഹം നായകനാവുന്ന അന്‍പതാം ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് മഹാരാജയ്ക്ക്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തെത്തിയിരിക്കുകയാണ്.
നോണ്‍ ലീനിയര്‍ ആയി കഥ പറഞ്ഞുപോകുന്ന ക്രൈം ഡ്രാമ ചിത്രത്തിലെ ഒരു പ്രധാന രംഗമാണ് പുറത്തെത്തിയിരിക്കുന്നത്. മകള്‍ പഠിക്കുന്ന സ്കൂളില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്ന മഹാരാജ എത്തുന്ന രംഗമാണിത്. നിതിലൻ സാമിനാഥൻ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് പ്രതിനായകനായി എത്തിയിരിക്കുന്നത്. നടനായി ഇപ്പോള്‍ കുറച്ച് ചിത്രങ്ങള്‍ മാത്രം ചെയ്യുന്ന അനുരാഗിന്‍റെയും മികച്ച പ്രകടനമാണ് ചിത്രത്തില്‍. വിജയ് സേതുപതിയ്ക്കൊപ്പം അഭിനയിക്കാം എന്നതാണ് മഹാരാജ എന്ന ചിത്രത്തിലേക്ക് തന്നെ എത്തിച്ചതെന്ന് അനുരാഗ് കശ്യപ് പറഞ്ഞിരുന്നു.
ചിത്രത്തിൽ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും അഭിനയിക്കുന്നുണ്ട്. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളില്‍ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമ്മാണം. സംഗീതം നൽകിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്. ശ്രീ പ്രിയ കമ്പൈൻസിലൂടെ എ വി മീഡിയാസ് കൺസൾട്ടൻസി ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ എത്തിച്ചത്.