തമിഴ്നാട്ടിലെ പല തിയറ്ററുകളിലും ട്രെയ്ലറിന് ഫാന്‍സ് ഷോകള്‍
കോളിവുഡിലെ അപ്കമിംഗ് റിലീസുകളില്‍ സിനിമാപ്രേമികള്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ലിയോയുടെ ട്രെയ്‍ലര്‍ എത്തി. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രം, എല്‍സിയുവിന്‍റെ ഭാഗമായിരിക്കുമോ എന്ന കൌതുകം തുടങ്ങി പല കാരണങ്ങളാല്‍ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ന്ന ചിത്രമാണിത്. തന്‍റെ മുന്‍ ചിത്രങ്ങളുടെ ട്രെയ്ലറുകള്‍ പകര്‍ന്ന അതേ ആവേശത്തോടെയാണ് ലിയോയുടെ ട്രെയ്‍ലറും ലോകേഷ് ഒരുക്കിയിരിക്കുന്നത്.
2.43 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ ഏറ്റുന്നുണ്ട്. കാന്‍വാസിന്‍റെ വലിപ്പത്തില്‍ ലോകേഷിന്‍റെ മുന്‍ ചിത്രങ്ങളെയൊക്കെ കവച്ചുവെക്കും എന്ന് അടിവരയിടുന്നുണ്ട് ട്രെയ്ലറിലെ ഫ്രെയ്മുകള്‍. കശ്മീര്‍ ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. അത് ചില ഫ്രെയ്മുകള്‍ക്ക് കൊടുക്കുന്ന അധിക സൌന്ദര്യവും ശ്രദ്ധേയം. ലിയോ ദാസ് ആയി വിജയ് എത്തുന്ന ചിത്രത്തിലെ മറ്റ് താരനിരയും ശ്രദ്ധേയമാണ്. തൃഷ നായികയാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആന്‍റണി ദാസ് ആയും അര്‍ജുന്‍ ഹരോള്‍ഡ് ദാസ് ആയും എത്തുന്നു. ട്രെയ്ലറില്‍ ഇവരുടെ കഥാപാത്രങ്ങള്‍ക്കും ആവശ്യത്തിന് സ്പേസ് കൊടുത്തിട്ടുണ്ട്.
ഗൌതം വസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മിഷ്കിന്‍, മാത്യു തോമസ്, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, ബാബു ആന്‍റണി, മനോബാല, ജോര്‍ഡ് മരിയന്‍, അഭിരാമി വെങ്കിടാചലം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ്നാട്ടിലെ പല തിയറ്ററുകളിലും ട്രെയ്ലറിന് ഫാന്‍സ് ഷോകളും സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളിലെത്തും.