സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ ബാനറിലാണ് നിര്‍മ്മാണം
ബോളിവുഡിന് ഒരു നിര പരാജയങ്ങള്‍ക്ക് ശേഷം ആശ്വാസം പകര്‍ന്ന വിജയമായിരുന്നു പഠാന്റേത്. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷം ബോളിവുഡിന്‍റെ പഴയ പ്രഭാവത്തിന് ചേര്‍ന്ന വിജയം നേടിയത് പഠാന്‍ മാത്രമായിരുന്നു. അവിടുത്തെ മറ്റൊരു സൂപ്പര്‍ താരത്തിനും അത് സാധിച്ചിട്ടില്ല. ഇപ്പോഴിതാ സല്‍മാന്‍ ഖാന്‍ നായകനാവുന്ന ഒരു ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ്. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്യുന്ന കിസീ കാ ഭായ് കിസീ കി ജാന്‍ ആണ് ആ ചിത്രം. ഈദ് റിലീസ് ആയി ഏപ്രില്‍ 21 റിലീസ് ചെയ്യപ്പെടാനിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.
തെന്നിന്ത്യന്‍ സിനിമകള്‍ക്ക് വിശേഷിച്ച് തെലുങ്ക് ചിത്രങ്ങള്‍ സമീപകാലത്ത് നേടുന്ന വലിയ വിജയം ബോളിവുഡിനെ എത്രത്തോളം സ്വാധീനിച്ചിരിക്കുന്നു എന്നതിന്‍റെ തെളിവാണ് കിസീ കാ ഭായ് കിസീ കി ജാനിന്‍റെ ട്രെയ്‍ലര്‍. പൂജ ഹെഗ്ഡെയ്ക്കും തെലുങ്ക് താരം വെങ്കിടേഷിനുമൊപ്പം മുണ്ടുടുത്ത സല്‍മാന്‍ ഖാനാണ് ട്രെയ്‍ലറിലെ പ്രധാന കൗതുകം. വമ്പന്‍ ആക്ഷന്‍ സീക്വന്‍സുകളുമുണ്ട് ട്രെയ്‍ലറില്‍ നിറയെ. അനില്‍ അരസ് ആണ് ആക്ഷന്‍ ഡയറക്ടര്‍.
സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ വി മണികണ്ഠന്‍ ആണ്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ ഷമിറാ നമ്പ്യാര്‍, സംഗീതം ഹിമേഷ് രഷമിയ, രവി ബസ്‍രൂര്‍, സുഖ്‍ബീര്‍ സിംഗ്, ദേവി ശ്രീ പ്രസാദ്, സാജിദ് ഖാന്‍, പായല്‍ ദേവ്, അമാല്‍ മാലിക് എന്നിവരാണ്. പശ്ചാത്തല സംഗീതം രവി ബസ്‍രൂര്‍, എഡിറ്റിംഗ് മയൂരേഷ് സാവന്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍ രജത് പൊദ്ദാര്‍.