മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. അര്‍ധരാത്രി 12.30 നാണ് അണിയറക്കാര്‍ ട്രെയ്‍ലര്‍ പുറത്തുവിട്ടത്. രാത്രി 11.25 നാണ് ഇത്തരത്തില്‍ ഒരു അപ്ഡേറ്റ് സോഷ്യല്‍ മീഡിയയില്‍ക്കൂടി മമ്മൂട്ടി അറിയിച്ചത്. കുടുംബപശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് കാതലെന്നും എന്നാല്‍ പറയുന്ന കഥയില്‍ വ്യത്യാസമുണ്ടെന്നും മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നു. അതിനെ അന്വര്‍ഥമാക്കുന്നതാണ് പുറത്തെത്തിയ ട്രെയ്‍ലര്‍.
മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ഷര്‍ട്ടും മുണ്ടും ധരിച്ച് അതിസാധാരണമായ ഗെറ്റപ്പിലാണ് എത്തുന്നതെങ്കിലും ഈ കഥാപാത്രം അത്ര സിംപിള്‍ അല്ലെന്നാണ് ട്രെയ്‍ലര്‍ പറയുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട് ചിത്രത്തില്‍ ഈ കഥാപാത്രം. 1.48 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ആ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകപ്രതീക്ഷ ഉണ്ടാക്കുന്നുണ്ട്.
ജ്യോതിക നായികയാവുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം അവരുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18 ന് ആയിരുന്നു. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. നവംബര്‍ 23 ന് ചിത്രം തിയറ്ററുകളില്‍ എത്തും. അതേസമയം ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ച ചിത്രത്തിന്‍റെ പ്രദര്‍ശനം ഗോവയില്‍ നടക്കുന്ന ഐഎഫ്എഫ്ഐയില്‍ നടക്കും. ഈ മാസം 20 മുതല്‍ 28 വരെയാണ് ഗോവ ചലച്ചിത്രമേള. ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം.
ALSO READ : ആ ഡയലോഗ് കമല്‍ ഹാസന്‍ എങ്ങനെ പറഞ്ഞു!? 13 വര്‍ഷം മുന്‍പ് കാട്ടിയ അതേ അത്ഭുതം വീണ്ടും