'സേനാപതി' വരാര്‍; തിരൈയ്ക്ക് തീ കൊളുത്താന്‍ കമല്‍ ഹാസന്‍; 'ഇന്ത്യന്‍ 2' ട്രെയ്‍ലര്‍

By Web Team  |  First Published Jun 25, 2024, 7:35 PM IST

നെടുമുടി വേണുവിനെ ഒരിക്കല്‍ക്കൂടി കാണാനാവുമെന്നത് മലയാളികളെ സംബന്ധിച്ച് സന്തോഷം പകരുന്ന കാര്യമാണ്


തമിഴ് സിനിമാപ്രേമികളില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഷങ്കര്‍- കമല്‍ ഹാസന്‍ ടീം ഒന്നിക്കുന്ന ഇന്ത്യന്‍ 2. ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. സേനാപതി എന്ന മുന്‍ സ്വാതന്ത്രസമര സേനാനിയായി കമല്‍ ഹാസന്‍ തിരിച്ചെത്തുന്ന ചിത്രത്തില്‍ പുതുകാലത്തിന്‍റെ അഴിമതികള്‍ക്കെതിരെ ജനപക്ഷത്ത് നിന്ന് പോരാടുന്ന നായകനെ കാണാനാവും. കമല്‍ ഹാസന്‍ വേറിട്ട ഗെറ്റപ്പുകളിലെത്തുന്ന ചിത്രം ആക്ഷന്‍ രംഗങ്ങളാലും ഷങ്കറിന്‍റെ ബിഗ് കാന്‍വാസ് ദൃശ്യചാരുതയാലും സമ്പന്നമായിരിക്കുമെന്ന് ട്രെയ്‍ലര്‍ അടിവരയിടുന്നു. 

2.37 മിനിറ്റ് ദൈര്‍ഘ്യമുള്ള വലിയ ട്രെയ്‍ലര്‍ ആണ് എത്തിയിരിക്കുന്നത്. നെടുമുടി വേണുവിനെ ഒരിക്കല്‍ക്കൂടി കാണാനാവുമെന്നത് മലയാളികളെ സംബന്ധിച്ച് സന്തോഷം പകരുന്ന കാര്യമാണ്. നെടുമുടിക്കുവേണ്ടി മറ്റൊരാളാണ് ശബ്ദം പകര്‍ന്നിരിക്കുന്നത്. ട്രെയ്‍ലറില്‍ പ്രധാന്യത്തോടെ അദ്ദേഹത്തിന്‍റെ കഥാപാത്രം കടന്നുവരുന്നുണ്ട്. 

Latest Videos

ഈ വര്‍ഷം ജൂണില്‍ എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രമാണിത്. പിന്നീട് ജൂലൈയിലേക്ക് മാറ്റി. ചിത്രത്തിന് ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാവുമെന്ന് കമല്‍ ഹാസന്‍ നേരത്തെ അറിയിച്ചിരുന്നു. മൂന്നാം ഭാഗത്തിന്‍റെ ചിത്രീകരണവും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രണ്ടാം ഭാഗം പുറത്തിറങ്ങി ആറ് മാസത്തിന് ശേഷം മൂന്നാം ഭാഗം തിയറ്ററുകളിലെത്തുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മില്‍ നടന്ന ഐപിഎല്‍ മാച്ചിന്‍റെ സമയത്ത് നടന്ന പ്രൊമോഷണല്‍ പരിപാടിയില്‍ കമല്‍ പറഞ്ഞിരുന്നു.

ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ കമല്‍ ഹാസനൊപ്പം കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, ബോബി സിംഹ, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കര്‍, സമുദ്രക്കനി, ബ്രഹ്‍മാനന്ദം, നെടുമുടി വേണു, കാളിദാസ് ജയറാം തുടങ്ങിയവരാണ് അഭിനയിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്.

undefined

ALSO READ : പ്രേക്ഷകശ്രദ്ധ നേടിയ 'ഗോളം'; സക്സസ് ‍ട്രെയ്‍ലറുമായി അണിയറക്കാര്‍

click me!