Halloween Ends Movie : ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്താന്‍ 'ഹലൊവീന്‍ എന്‍ഡ്‍സ്'; ട്രെയ്‍ലര്‍

By Web Team  |  First Published Jul 20, 2022, 11:44 PM IST

ജനപ്രിയ ഹൊറര്‍ ഫ്രാഞ്ചൈസിയിലെ അവസാന ചിത്രം


ഹോളിവുഡ് ഹൊറര്‍ ചിത്രങ്ങളുടെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം പ്രേക്ഷകരെ നേടിയ ഫ്രാഞ്ചൈസിയാണ് ഹലൊവീന്‍. ജോണ്‍ കാര്‍പെന്‍ററുടെ സംവിധാനത്തില്‍ 1978ല്‍ പുറത്തുവന്ന ഹലൊവീനില്‍ നിന്നുതുടങ്ങി നാലര പതിറ്റാണ്ട് സിനിമാപ്രേമികളുടെ ഉറക്കം കളഞ്ഞ ഫ്രാഞ്ചൈസിക്ക് ഒരു ഗംഭീര ക്ലൈമാക്സുമായി എത്തുകയാണ് അണിയറക്കാര്‍. വരുന്ന ഒക്ടോബര്‍ 14ന് തിയറ്ററുകളിലെത്തുന്ന ഹലൊവീന്‍ എന്‍ഡ്സ് (Halloween Ends) എന്ന ചിത്രത്തോടെ ഈ ഫ്രാഞ്ചൈസി അവസാനിക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ യൂണിവേഴ്സല്‍ പിക്ചേഴ്സ് പുറത്തുവിട്ടു.

ജാമി ലീ കര്‍ട്ടിസ് അവതരിപ്പിക്കുന്ന ലൌറി സ്ട്രോഡും ജെയിംസ് ജൂഡ് കോര്‍ട്ട്നിയുടെ മൈക്കിള്‍ മേയേഴ്സും തമ്മിലുള്ള അന്തിമ പോരാട്ടം ഈ ചിത്രത്തില്‍ സംഭവിക്കുമെന്ന് അണിയറക്കാര്‍ വ്യക്തമാക്കുന്നു. അവരില്‍ ഒരാള്‍ മാത്രമേ അതിജീവിക്കൂവെന്നും. ഫ്രാഞ്ചൈസിയിലെ 1978ല്‍ പുറത്തിറങ്ങിയ ആദ്യചിത്രം മുതല്‍ കര്‍ട്ടിസ് ആണ് ലൌറി സ്ട്രോഡിനെ അവതരിപ്പിക്കുന്നത്. ലോക സിനിമാചരിത്രത്തില്‍ തന്നെ ഏറ്റവും നീണ്ട കാലം ഒരു അഭിനേതാവ് ഒരു കഥാപാത്രത്തെ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതില്‍ റെക്കോര്‍ഡ് ആണ് ഇത്. 

Latest Videos

ALSO READ : എങ്ങനെയുണ്ട് 'മഹാവീര്യര്‍'? പ്രിവ്യൂവിന് ശേഷമുള്ള ആദ്യ അഭിപ്രായങ്ങള്‍ പുറത്ത്

ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഹലൊവീന്‍ എന്ന ചിത്രത്തോടെ ഫ്രാഞ്ചൈസി 2018ല്‍ റീലോഞ്ച് ചെയ്‍തപ്പോള്‍ വലിയ സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. ഒരു സ്ത്രീ കേന്ദ്ര കഥാപാത്രമായുള്ള ഹൊറര്‍ ചിത്രങ്ങളുടെ ഓപണിംഗ് വീക്കെന്‍ഡ് ബോക്സ് ഓഫീസില്‍ റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു ചിത്രം. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ഹലൊവീന്‍ കില്‍സ് ആണ് ഈ ഫ്രാഞ്ചൈസിയില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം. പോള്‍ ബ്രാഡ് ലോഗന്‍, ക്രിസ് ബേണിയര്‍, ഡാനി മക്ബ്രൈഡ്, ഡേവിഡ് ഗോര്‍ഡന്‍ ഗ്രീന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം ഡേവിഡ് ഗോര്‍ഡന്‍ ഗ്രീന്‍ ആണ്. വില്‍ പാറ്റണ്‍, കൈലി റിച്ചാര്‍ഡ്സ്, ജെയിംസ് ജൂഡ് കോര്‍ട്ട്നി എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

click me!