ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും
സമീപകാലത്ത് മലയാളത്തേക്കാള്‍ മറ്റ് ഭാഷകളിലാണ് ജയറാം അഭിനയിക്കുന്നത്. 2023 ല്‍ മലയാളത്തില്‍ നിന്ന് അദ്ദേഹത്തിന്‍റേതായി ഒരു ചിത്രവും പുറത്തിറങ്ങിയില്ല. അതേസമയം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ നിന്നായി അഞ്ച് ചിത്രങ്ങള്‍ ജയറാമിന്‍റേതായി പുറത്തെത്തി. അതത്ത ഭാഷകളിലെ ശ്രദ്ധേയ പ്രോജക്റ്റുകളുമായിരുന്നു അവ. മലയാളത്തില്‍ അദ്ദേഹത്തിന്‍റെ തിരിച്ചുവരവ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അബ്രഹാം ഓസ്‍ലര്‍ ഈ വാരമാണ് തിയറ്ററുകളിലെത്തുന്നത്. എന്നാല്‍ ഓസ്‍ലര്‍ കൂടാതെ അദ്ദേഹം അഭിനയിച്ച മറ്റൊരു ചിത്രവും ഈ വാരം തിയറ്ററുകളിലെത്തുന്നുണ്ട്. തെലുങ്കില്‍ മഹേഷ് ബാബു നായകനാവുന്ന ഗുണ്ടൂര്‍ കാരമാണ് അത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.
ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ശ്രീലീലയാണ് നായിക. ജയറാമിനൊപ്പം മീനാക്ഷി ചൗധരി, ജഗപതി ബാബു, രമ്യ കൃഷ്ണന്‍, ഈശ്വരി റാവു, പ്രകാശ് രാജ്, റാവു രമേശ്, മുരളി ശര്‍മ്മ, സുനില്‍, ബ്രഹ്‍മാനന്ദം, വെണ്ണല കിഷോര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രിവിക്രം സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രം എന്ന നിലയില്‍ ടോളിവുഡില്‍ ഏറെക്കാലമായി കാത്തിരിപ്പ് ഉണര്‍ത്തുന്ന ചിത്രമാണിത്.
അതേസമയം മിഥുന്‍ മാനുവല്‍ തോമസ് ആണ് ഓസ്‍ലറിന്‍റെ സംവിധാനം. മെഡിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. അഞ്ചാം പാതിരായ്‍ക്ക് ശേഷമുള്ള മിഥുന്‍ മാനുവല്‍ ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷക പ്രതീക്ഷ നേടിയ ചിത്രമാണിത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശന നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസിം ജമാൽ, ആര്യ സലിം എന്നിവരും പ്രധാന താരങ്ങളാണ്. ഓസ്‍ലര്‍ വ്യാഴാഴ്ചയാണ് എത്തുന്നതെങ്കില്‍ ഗുണ്ടൂര്‍ കാരം വെള്ളിയാഴ്ചയാണ് പ്രദര്‍ശനം ആരംഭിക്കുക. ഒരു താരത്തിന്‍റെ രണ്ട് ഭാഷകളിലെ ചിത്രങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ തിയറ്ററുകളിലെത്തുക എന്നത് അപൂര്‍വ്വതയാണ്.