തെലുങ്കിലെ 'സ്റ്റീഫന്‍' എത്തി; ഒപ്പം സല്‍മാന്‍, നയന്‍താര; 'ഗോഡ്‍ഫാദര്‍' ടീസര്‍

By Web Team  |  First Published Aug 21, 2022, 7:31 PM IST

ചിരഞ്ജീവിയുടെ പിറന്നാളിന് തലേദിവസമാണ് ടീസര്‍ പുറത്തെത്തിയിരിക്കുന്നത്


മുഖ്യധാരാ മലയാള സിനിമയെ സംബന്ധിച്ച് പല കാരണങ്ങളാല്‍ പ്രധാനപ്പെട്ട ചിത്രമായിരുന്നു പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫര്‍. മലയാളം അതുവരെ തിയറ്റര്‍ റിലീസ് ചെയ്തിട്ടില്ലാത്ത നിരവധി വിദേശ മാര്‍ക്കറ്റുകളിലേക്ക് ചിത്രം എത്തിക്കാനായി എന്നതായിരുന്നു നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന്‍റെ വിജയം. വിദേശ മലയാളികളെ ഉദ്ദേശിച്ചു തന്നെയായിരുന്നു ഈ വേള്‍ഡ് വൈഡ് റിലീസ്. അതേസമയം ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസ് ആയി എത്തിയത് ഭാഷാഭേദമന്യെ ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് ചിത്രം എത്താന്‍ സഹായിച്ചു. മലയാളത്തില്‍ ആദ്യമായി ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രവും ലൂസിഫര്‍ ആണ്. ചിത്രം നേടിയ വന്‍ വിജയത്തിനു പിന്നാലെയായിരുന്നു ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കിന്‍റെ പ്രഖ്യാപനം. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ഗോഡ്‍ഫാദര്‍ എന്നു പേരിട്ടിരിക്കുന്ന ലൂസിഫര്‍ റീമേക്കില്‍ ചിരഞ്ജീവിയാണ് നായകന്‍. മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രമായി നയന്‍താരയും പൃഥ്വിരാജിന്‍റെ ഗസ്റ്റ് റോളില്‍ സല്‍മാന്‍ ഖാനുമാണ് എത്തുക. ടോളിവുഡ് ഈ വര്‍ഷം കാത്തിരിക്കുന്ന വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ് ഇത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്. ചിരഞ്ജീവിയുടെ പിറന്നാളിന് തലേദിവസമാണ് ടീസര്‍ പുറത്തെത്തിയിരിക്കുന്നത്. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. 

Latest Videos

ALSO READ : ബിഗ് സ്ക്രീനിലേക്ക് വീണ്ടും അല്ലു Vs ഫഹദ്; 'പുഷ്‍പ 2' ന് നാളെ തുടക്കം

മൂന്ന് സംവിധായകരുടെ പേരുകള്‍ വന്നുപോയതിനു ശേഷമാണ് മോഹന്‍ രാജയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്‍റെ സംവിധായകനായി ആദ്യം കേട്ടത് പുഷ്പ ഒരുക്കിയ സുകുമാറിന്‍റെ പേരായിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ച വിവരമായിരുന്നില്ല. പിന്നീട് സാഹൊ ഒരുക്കിയ സുജീതിന്‍റെ പേരും ലൂസിഫര്‍ റീമേക്കിന്‍റെ സംവിധായകനായി കേട്ടു. എന്നാല്‍ സുജീത് നല്‍കിയ ഫൈനല്‍ ഡ്രാഫ്റ്റില്‍ തൃപ്തി പോരാഞ്ഞ് ചിരഞ്ജീവി അദ്ദേഹത്തെയും നീക്കിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആദി, ടാഗോര്‍, ബണ്ണി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ വി വി വിനായകിന്‍റെ പേരും പിന്നീട് ഉയര്‍ന്നുകേട്ടിരുന്നു. പിന്നീടാണ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം മോഹന്‍ രാജ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക.

click me!