24 വര്‍ഷങ്ങള്‍ക്കിപ്പുറമെത്തുന്ന ഗ്ലാഡിയേറ്റര്‍ രണ്ടാം ഭാഗം. നവംബര്‍ 22 റിലീസ്
ലോകസിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ഒരു രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. റിഡ്ലി സ്കോട്ടിന്‍റെ സംവിധാനത്തില്‍ എത്തുന്ന ഗ്ലാഡിയേറ്റര്‍ 2 ആണ് അത്. നവംബര്‍ 22 ന് തിയറ്ററുകളിലെത്തുന്ന ചിത്രം സ്വാഭാവികമായും ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത സംവിധായകന്‍ റിഡ്ലി സ്കോട്ട് തനിക്ക് ആവശ്യമുള്ള പെര്‍ഫെക്ഷനില്‍ വിഷ്വല്‍ കിട്ടുന്നതിന് അഭിനേതാക്കളെ കാര്യമായി പണിയെടുപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിനായുള്ള അഭിനേതാക്കളുടെ ശാരീരികമായ തയ്യാറെടുപ്പുകള്‍ വ്യക്തമാക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
2000 ല്‍ പുറത്തെത്തിയ ഗ്ലാഡിയേറ്ററില്‍ മാക്സിമസ് ഡെസിമസ് മെറിഡിയസ് എന്ന നായക കഥാപാത്രമായി എത്തി വിസ്മയിപ്പിച്ചത് റസല്‍ ക്രോ ആയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രം അവാര്‍ഡുകളും വാരിക്കൂട്ടി. ഓസ്കറില്‍ 12 നോമിനേഷനുകള്‍ നേടിയ ചിത്രം മികച്ച ചിത്രവും മികച്ച നടനുമടക്കം അഞ്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കി. 24 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് റിഡ്ലി സ്കോട്ട് തന്നെ ഗ്ലാഡിയേറ്ററിന് ഒരു രണ്ടാം ഭാഗവുമായി എത്തുന്നത്.
ഗ്ലാഡിയേറ്ററിലെ സംഭവവികാസങ്ങള്‍ നടന്ന് രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള കാലത്താണ് ഗ്ലാഡിയേറ്റര്‍ 2 ലെ കഥ നടക്കുന്നത്. റോമിന്‍റെ മുന്‍ ചക്രവര്‍ത്തി മാര്‍കസ് ഒറിലിയസിന്‍റെ പൗത്രന്‍ ലൂഷ്യസ് വെറുസ് ആണ് ചിത്രത്തിലെ നായക കഥാപാത്രം. ജനറല്‍ മാര്‍കസ് അകേഷ്യസിന്‍റെ നേതൃത്വത്തിലുള്ള റോമന്‍ സൈന്യം ലൂഷ്യസിനെ അടിമത്തത്തിലേത്ത് തള്ളിവിടുന്നു. മാക്സിമസിന്‍റെ (ഗ്ലാഡിയേറ്ററിലെ റസല്‍ ക്രോ) ജീവിതകഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരു ഗ്ലാഡിയേറ്ററായി പോരിനൊരുങ്ങുകയാണ് ലൂഷ്യസ്. പോള്‍ മെസ്കലാണ് ലൂഷ്യസ് ആയി എത്തുന്നത്. പെഡ്രോ പാസ്കല്‍, കോണി നീല്‍സെന്‍, ഡെന്‍സല്‍ വാഷിംഗ്ടണ്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ALSO READ : ജോജുവിന്‍റെ സംവിധാന അരങ്ങേറ്റം; 'പണി' നാളെ മുതല്‍, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി