ഷാഹിദ് കപൂറിനൊപ്പം വിജയ് സേതുപതി; ത്രില്ലര്‍ സിരീസ് 'ഫര്‍സി'യുമായി ആമസോണ്‍ പ്രൈം: ട്രെയ്‍ലര്‍

By Web Team  |  First Published Jan 13, 2023, 2:32 PM IST

ഫെബ്രുവരി 10 ന് സ്ട്രീമിംഗ് ആരംഭിക്കും


ഷാഹിദ് കപൂറും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ത്രില്ലര്‍ വെബ് സിരീസ് ഫര്‍സിയുടെ ട്രെയ്‍ലര്‍ പുറത്തെത്തി. രാജ് ആന്‍ഡ് ഡികെ ഒരുക്കുന്ന സിരീസ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് പുറത്തെത്തുക. ഫെബ്രുവരി 10 ന് സ്ട്രീമിംഗ് ആരംഭിക്കും. കള്ളനോട്ടും അധോലോകവും അതിനെക്കുറിച്ചുള്ള അന്വേഷണവുമൊക്കെയാണ് സിരീസിന്‍റെ പ്ലോട്ട്.

സണ്ണി എന്ന ആര്‍ട്ടിസ്റ്റ് ആണ് ഷാഹിദ് കപൂറിന്‍റെ കഥാപാത്രം. എന്നാല്‍ ഒരിക്കല്‍ വ്യാജ നോട്ട് നിര്‍മ്മാണത്തിന്റെ ലോകത്തേക്ക് എത്തുകയാണ് അയാള്‍. എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ പറ്റാത്ത ഒരു കറന്‍സി മാതൃക സൃഷ്ടിക്കുകയും ചെയ്യുകയാണ് സണ്ണി. അന്വേഷണത്തിന് മുന്‍ മാതൃകകളൊന്നും ആശ്രയിക്കാത്ത ടാസ്ക് ഫോഴ്സ് ഓഫീസര്‍ മൈക്കള്‍ എന്ന കഥാപാത്രത്തെയാണ് സിരീസില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്നത്. തമിഴിലെയും ബോളിവുഡിലെയും രണ്ട് മികച്ച നടന്മാരുടെ കോമ്പിനേഷന്‍ സംഭവിക്കുന്നു എന്നത് ആസ്വാദകരെ ആവേശഭരിതരാക്കുന്ന ഒന്നാണ്. കെ കെ മേനോന്‍, റാഷി ഖന്ന, ഭുവന്‍ അറോറ, സക്കീര്‍ ഹുസൈന്‍, ചിത്തരഞ്ജന്‍ ജിഗി, ജസ്വന്ത് സിംഗ് ദലാല്‍, അമോല്‍ പരേക്കര്‍, കുബ്ര സേഠ്, റെജിന കസാന്‍ഡ്ര തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Videos

ALSO READ : 'ലൂക്ക് ആന്‍റണി' ഇനി ടെലിവിഷനിലേക്ക്; 'റോഷാക്ക്' പ്രീമിയര്‍ പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്

രാജ്, ഡികെ എന്നിവര്‍ക്കൊപ്പം സീത ആര്‍ മേനോന്‍, സുമന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സിരീസിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഡി2ആര്‍ ഫിലിംസിന്‍റെ ബാനറില്‍ രാജും ഡികെയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണവും. രാജ് നിദിമോരു, കൃഷ്ണ ഡി കെ എന്നീ ഇരട്ട സംവിധായകരാണ് രാജ് ആന്‍ഡ് ഡികെ എന്ന് അറിയപ്പെടുന്നത്. നേരത്തെ ദ് ഫാമിലി മാന്‍ എന്ന സിരീസ് ഒരുക്കിയതും ഇവരായിരുന്നു. 99, ഷോര്‍ ഇന്‍ ദ് സിറ്റി, ഗൊ ഗോവ ഗോണ്‍ തുടങ്ങി ഒരുപിടി ചിത്രങ്ങളും ഇവര്‍ ഒരുക്കിയിട്ടുണ്ട്.

click me!