"ഇത് ഗാന്ധി ഗ്രാമം അല്ല, കൊത്തയാണ്": മാസ് ടീസറുമായി ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കിംഗ് ഓഫ് കൊത്ത

By Web Team  |  First Published Jun 28, 2023, 6:16 PM IST

"ഇത് ഗാന്ധി ഗ്രാമം അല്ല, കൊത്തയാണ്, ഇവിടെ ഞാന്‍ പറയുമ്പോ രാത്രി, ഞാന്‍ പറയുമ്പോ പകല്‍" ഇത്തരം മാസ് ഡയലോഗുകള്‍ ഉള്‍പ്പെടുന്ന, ഗംഭീര ആക്ഷന്‍ ടീസറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 


കൊച്ചി: ദുല്‍ഖര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന 'കിംഗ് ഓഫ് കൊത്ത'യുടെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ദുല്‍ഖര്‍ നായകനായി വേഷമിടുന്ന ചിത്രത്തിന്‍റെ മാസ് ടീസര്‍ പുറത്തിറങ്ങി.

Latest Videos

"ഇത് ഗാന്ധി ഗ്രാമം അല്ല, കൊത്തയാണ്, ഇവിടെ ഞാന്‍ പറയുമ്പോ പകല്‍, ഞാന്‍ പറയുമ്പോ രാത്രി" ഇത്തരം മാസ് ഡയലോഗുകള്‍ ഉള്‍പ്പെടുന്ന, ഗംഭീര ആക്ഷന്‍ ടീസറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ പീപ്പിള്‍ ഓഫ് കൊത്ത എന്ന വീഡിയോയില്‍ സിനിമയിലെ ഒരോ താരങ്ങളെയും പരിചയപ്പെടുത്തുന്നുണ്ട് അണിയറക്കാര്‍.  പാ രഞ്ജിത്തിന്‍റെ സരപ്പെട്ട പരമ്പര ചിത്രത്തിലെ ഡാന്‍സിംഗ് റോസ് എന്ന വേഷത്തിനെ അവതരിപ്പിച്ച ഷബീര്‍ ചിത്രത്തില്‍ കണ്ണന്‍ എന്ന വേഷത്തിലാണ് എത്തുന്നത്. തമിഴ് താരം പ്രസന്ന ഷാഹുല്‍ ഹസന്‍ എന്ന റോളില്‍ എത്തുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി താര എന്ന വേഷത്തിലാണ്. 

മഞ്ജു എന്ന വേഷത്തിലാണ് നൈല ഉഷ എത്തുന്നത്. രഞ്ജിത്ത് എന്ന വേഷത്തില്‍ ചെമ്പന്‍ വിനോദ് എത്തുന്നു. ഗോകുല്‍ സുരേഷ് ടോണി എന്ന വേഷത്തില്‍ എത്തുമ്പോള്‍ ഷമ്മി തിലകന്‍ രവി എന്ന വേഷത്തില്‍ എത്തുന്നു. ശാന്തി കൃഷ്ണ അടക്കമുള്ളവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അവസാനമാണ് കിംഗ് ഓഫ് കൊത്തയായി ദുല്‍ഖറിനെ കാണിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 

മോളിവുഡ് ബോക്സ് ഓഫീസില്‍ മികച്ച ഇനിഷ്യല്‍ സൃഷ്ടിക്കുന്ന താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ചിത്രങ്ങള്‍ ചെയ്യുന്ന ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ എത്തുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ കുറവാണ്. വന്‍ വിജയം നേടിയ കുറുപ്പിനു ശേഷം 2022 ല്‍ ദുല്‍ഖറിന്‍റേതായി മലയാളത്തില്‍ തിയറ്റര്‍ റിലീസുകളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ അടുത്ത ചിത്രമായ കിംഗ് ഓഫ് കൊത്തയ്ക്ക് വേണ്ടി ആരാധകര്‍ക്കിടയിലുള്ള കാത്തിരിപ്പും വലുതാണ്. 

ജേക്സ് ബിജോയ് ,ഷാൻ റഹ്മാൻ എന്നിവരാണ് കിംഗ് ഓഫ് കൊത്തയുടെ സംഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമീഷ് രവി, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വെഫേറർ ഫിലിംസ്, പി ആർ ഓ പ്രതീഷ് ശേഖർ.

"പീപ്പിള്‍ ഓഫ് കൊത്ത": കിംഗ് ഓഫ് കൊത്തയുടെ വമ്പന്‍ അപ്ഡേറ്റ് വീഡിയോ അവതരിപ്പിച്ച് ദുല്‍ഖര്‍


 

click me!