റസ്നീഷ് റാസി ഘായ് ആണ് ചിത്രത്തിന്‍റെ സംവിധാനം
കങ്കണ റണൗത്ത് (Kangana Ranaut) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ആക്ഷന്‍ സ്പൈ ത്രില്ലര്‍ ചിത്രം ധാക്കഡിന്‍റെ (Dhaakad) ട്രെയ്‍ലര്‍ പുറത്തെത്തി. ഏജന്‍റ് അഗ്നി എന്നാണ് കങ്കണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഗംഭീര ആക്ഷന്‍ രംഗങ്ങളുമായാണ് ട്രെയ്‍ലര്‍ എത്തിയിരിക്കുന്നത്. രണ്ടേമുക്കാല്‍ മിനിറ്റിലേറെ ദൈര്‍ഘ്യമുണ്ട് ട്രെയ്‍ലറിന്.
കങ്കണയുടെ പാന്‍ ഇന്ത്യന്‍ റിലീസുമാണ് ചിത്രം. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഒരു ബോളിവുഡ് ചിത്രത്തിന്‍റെ മലയാളം മൊഴിമാറ്റ പതിപ്പ് അപൂര്‍വ്വമാണ്. ജയലളിതയുടെ ജീവിതം പറഞ്ഞ തലൈവിക്കു ശേഷം എത്തുന്ന കങ്കണയുടെ പാന്‍ ഇന്ത്യന്‍ റിലീസ് ആണ് ധാക്കഡ്. ഏപ്രില്‍ മാസം ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാക്കളുടെ ആദ്യ തീരുമാനം. എന്നാല്‍ കൊവിഡിനു ശേഷം തിയറ്ററുകള്‍ സജീവമായ സാഹചര്യത്തില്‍ മറ്റു ചിത്രങ്ങളുടെ സാന്നിധ്യം പരിഗണിച്ച് റിലീസ് നീട്ടുകയായിരുന്നു. മെയ് 20 ആണ് പുതിയ റിലീസ് തീയതി.
കുട്ടിക്കടത്തും സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ചൂഷണവുമൊക്കെയാണ് ചിത്രത്തിന്‍റെ വിഷയമെന്ന് അറിയുന്നു. പ്രതിനായക കഥാപാത്രമായി അര്‍ജുന്‍ രാംപാല്‍ എത്തുന്ന ചിത്രത്തില്‍ ദിവ്യ ദത്തയും ശാശ്വത ചാറ്റര്‍ജിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വന്‍ ബജറ്റില്‍ പൂര്‍ത്തീകരിച്ചിരിക്കുന്ന ചിത്രത്തിന് മറ്റൊരു പ്രധാന പ്രത്യേകത കൂടിയുണ്ട്. വന്‍ കാന്‍വാസില്‍, ബഹുഭാഷകളില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന ഒരു ചിത്രത്തില്‍ ഒരു നായികാതാരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ്.
കങ്കണയെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള പ്രോജക്റ്റ് ആണിത്. സംവിധായകന്‍ ഭാവനയില്‍ കണ്ട ചിത്രം പൂര്‍ത്തിയാക്കാന്‍ വലിയ ബജറ്റ് ആവശ്യമായിരുന്നു. ഒരു നടി കേന്ദ്ര കഥാപാത്രമാവുന്ന ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ചിത്രം രാജ്യം ഇതുവരെ കണ്ടിട്ടില്ല. അത്രയും പ്രാധാന്യമുള്ള ഒരു വിഷയം സംസാരിക്കുന്ന ചിത്രം പരമാവധി ആളുകളിലേക്ക് എത്തണം എന്നതിനാലാണ് ബഹുഭാഷകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. അക്കാര്യം പ്രഖ്യാപിക്കാന്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. പ്രേക്ഷകര്‍ ഏജന്‍റ് അഗ്നിയെ കാണുന്നതിനായുള്ള കാത്തിരിപ്പിലാണ് ഞാന്‍, കങ്കണ നേരത്തെ പറഞ്ഞിരുന്നു.
റസ്നീഷ് റാസി ഘായ് ആണ് ചിത്രത്തിന്‍റെ സംവിധാനം. ദീപക് മുകുത്, സൊഹേല്‍ മക്‍ലായ്, എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. സഹനിര്‍മ്മാണ് ഹുനാര്‍ മുകുത്. സോഹം റോക്ക്സ്റ്റാര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് കമല്‍ മുകുത്ത്, സോഹേല്‍ മക്‍ലായ് പ്രൊഡക്ഷന്‍സ്, അസൈലം ഫിലിംസ് എന്നിവരുമായി ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.