നന്ദമൂരി ബാലകൃഷ്ണയുടെ കരിയരിലെ 109-ാം ചിത്രം.
തെലുങ്ക് സിനിമാപ്രേമികള്‍ ബാലയ്യ എന്ന് സ്നേഹത്തോടെ വിളിക്കുന്ന നന്ദമൂരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ബോബി കൊല്ലി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ധാക്കു മഹാരാജ് എന്നാണ് പേരിട്ടിരിക്കുന്നത്. പവര്‍, സര്‍ദാര്‍ ഗബ്ബര്‍ സിംഗ്, വാള്‍ട്ടര്‍ വീരയ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കെ എസ് രവീന്ദ്ര എന്ന ബോബി കൊല്ലി.
നന്ദമൂരി ബാലകൃഷ്ണയുടെ കരിയരിലെ 109-ാം ചിത്രമാണിത്. ബോബി ഡിയോള്‍ ആണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രമായി എത്തുന്നത്. അനിമലിലെ വില്ലന്‍ വേഷം ഹിറ്റ് ആയതിന് ശേഷം ബോബിക്ക് അത്തരം നിരവധി കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്നലെ തിയറ്ററുകളിലെത്തിയ സൂര്യ ചിത്രം കങ്കുവയിലെ പ്രതിനായക വേഷമാണ് അക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേത്. അതേസമയം ടീസറിനൊപ്പമാണ് ബാലയ്യ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. 1.36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ വേഗത്തില്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്.
ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജൈസാള്‍, ചാന്ദിനി ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ടീസറില്‍ ദുല്‍ഖറിന്റെ സാന്നിധ്യമില്ല. ചിത്രത്തില്‍ സര്‍പ്രൈസ് ആയി എത്തിക്കാനാണോ ആ വേഷം എന്നതാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്. സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തമന് എസിന്റേതാണ് സംഗീതം. ഛായാഗ്രഹണം വിജയ് കാര്‍ത്തിക് കണ്ണന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ല, എഡിറ്റിംഗ് നിരഞ്ജന് ദേവരമനെ, തിരക്കഥ കെ ചക്രവര്‍ത്തി റെഡ്ഡി. 2025 ലെ സംക്രാന്തി റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. 2025 ജനുവരി 12 ആണ് റിലീസ് തീയതി.
ALSO READ : എസ് പി വെങ്കിടേഷ് ഇടവേളയ്ക്ക് ശേഷം വീണ്ടും; 'രാമുവിന്റെ മനൈവികൾ' തിയറ്ററുകളിലേക്ക്