കടുപ്പമേറിയ ജയിൽ ജീവിത നിമിഷങ്ങളിൽ നിന്നുള്ള മോചനം എന്നതിൽക്കവിഞ്ഞ് തങ്ങളുടെ പ്രിയപ്പെട്ടവരെ സന്ദർശക മുറിയുടെ ജനാലയ്ക്കുമപ്പുറം നിന്ന് കാണാനാകുമെന്നും ഇവർക്ക് പ്രചോദനമാകുന്നു
ബ്രസീൽ: ബ്രസീലിലെ അതിസുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ജയിലിൽ ഒരു സൗന്ദര്യ മത്സരം നടന്നു. സൗന്ദര്യവും ആത്മവിശ്വാസവും നിലപാടുകളും അളക്കുന്ന ദിവസം. റിയോ ഡി ജനീറോയിൽ നടന്ന സൗന്ദര്യമത്സരത്തിൽ പങ്കെടുത്തത് വനിതാ ജയിലിൽ നിന്നുള്ള അന്തേവാസികളാണ്.
പെരുമാറ്റത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നൂറ് പേരിൽ നിന്ന് പത്ത് മത്സരാർത്ഥികളെ തെരഞ്ഞെടുത്തത്. കടുപ്പമേറിയ ജയിൽ ജീവിത നിമിഷങ്ങളിൽ നിന്നുള്ള മോചനം എന്നതിൽക്കവിഞ്ഞ് തങ്ങളുടെ പ്രിയപ്പെട്ടവരെ സന്ദർശക മുറിയുടെ ജനാലയ്ക്കുമപ്പുറം നിന്ന് കാണാനാകുമെന്നും ഇവർക്ക് പ്രചോദനമാകുന്നു. ചിലർക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ കാണാനുള്ള ഏക അവസരവും ഈ മത്സരവേളയാണ്.
കഴിഞ്ഞ വർഷത്തേക്കാൾ ശക്തമായിരുന്നു ഇത്തവണത്തെ മത്സരമെന്നും അച്ഛനെ കാണാനാകും എന്ന ഒറ്റ പ്രതീക്ഷയിലാണ് അന്ന് മത്സരിക്കാൻ തയ്യാറായതെന്നും 2017ലെ സുന്ദരി മയാന റോസ പറഞ്ഞു. ബീച്ച് ഫാഷൻ, എവരിതിം വെയർ എന്നിങ്ങനെ രണ്ട് റൗണ്ടുകളിലായാണ് മത്സരം. മിഷേനി നേരി ഫസ്റ്റ് റണ്ണറപ്പായി, മരിയാന സാന്‍റോസ് സെക്കൻണ്ട് റണ്ണറപ്പായി. മിസ് ടൽവേരയായി തെരെഞ്ഞെടുക്കപ്പെട്ടത് വെറോണിക്ക വെറോണ.
തെറ്റുതിരുത്തലിന്‍റെ പാതയിലാണ് മിസ് ടൽവേരയായി തെരെഞ്ഞെടുക്കപ്പെട്ട വെറോണിക്ക വെറോണ എന്ന സുന്ദരി. പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് തന്‍റെ കാമുകനെ കൊല ചെയ്ത കേസിലാണ് വെറോണിക്ക ജയിലിലടയ്ക്കപ്പെടുന്നത്. പതിനഞ്ച് വർഷത്തെ തടവു ശിക്ഷക്ക് വിധിക്കപ്പെട്ട വെറോണിക്കയുടെ ജയിലിലെ പതിമൂന്നാം വർഷമാണിത്. രണ്ട് വർഷം കൂടി കഴിഞ്ഞാൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങാം. ചെറുപ്പത്തിൽ മോഡലാകാനായിരുന്നു വെറോണയുടെ ആഗ്രഹം. തനിക്കതിനാകുമെന്ന പ്രതീക്ഷയും ഇന്ന് വെറോണിക്കയ്ക്കുണ്ട്.
2004ൽ ജയിലിലെ അന്തേവാസികൾ ജയിലധികൃതരുടെ പിന്തുണയോടെ ഒരു പത്രം തുടങ്ങിയിരുന്നു. മാറ്റത്തിന്‍റെ ആദ്യപടി ആ അക്ഷരങ്ങളിൽ നിന്നാണ് തുടങ്ങിയത്. അതിനെത്തുടർന്നാണ് സൗന്ദര്യമത്സരം സംഘടിപ്പിക്കാൻ ജയിലധികൃതർ തീരുമാനിക്കുന്നത്. രണ്ട് മാസം നീണ്ടു നിൽക്കുന്ന പരിശീലനത്തിന് ശേഷമാണ് മത്സരം. പ്രാദേശിക സംഘടനകളാണ് മത്സരാർത്ഥികൾക്കാവശ്യമായ വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും നൽകുക.
മത്സരം കഴിഞ്ഞ് കുടുംബാംഗങ്ങൾ തിരികെ പോകുമ്പോൾ സുന്ദരിമാരുടെ കണ്ണുനിറഞ്ഞു. ചിലർ പൊട്ടിക്കരഞ്ഞു. ജയിൽ വിട്ടിറങ്ങുമ്പോൾ ഇവർക്ക് പേടി തെറ്റുതിരുത്തിയാലും തിരുത്തലുകൾക്ക് തയ്യാറാകാത്ത സമൂഹത്തെയാണ്.