നാല് വര്‍ഷത്തിനു ശേഷമെത്തുന്ന സന്തോഷ് പണ്ഡിറ്റ് ചിത്രം
സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആതിരയുടെ മകള്‍ അഞ്ജലി. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഒരു സന്തോഷ് പണ്ഡിറ്റ് ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഘടകങ്ങളെല്ലാം ചേര്‍ന്നതായിരിക്കും പുതിയ ചിത്രമെന്ന് ട്രെയ്‍ലര്‍ പറയുന്നു. ഏഴ് മിനിറ്റ് ആണ് ട്രെയ്‍ലറിന്‍റെ ദൈര്‍ഘ്യം എന്നതാണ് ഒരു കൌതുകം. ഏപ്രിലില്‍ ചിത്രീകരണം ആരംഭിച്ച ചിത്രമാണിത്. സംവിധാനത്തിനൊപ്പം തിരക്കഥയും ഒപ്പം നിര്‍മ്മാണവും സന്തോഷ് പണ്ഡിറ്റ് തന്നെയാണ്.
മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമാണ് ചിത്രം പറയുന്നതെന്നാണ് സന്തോഷ് പണ്ഡിറ്റ് അറിയിച്ചിരിക്കുന്നത്. നൂറോളം പുതിയ അഭിനേതാക്കളാണ് ചിത്രത്തിലൂടെ എത്തുന്നതെന്നും സംവിധായകന്‍ പറഞ്ഞിരുന്നു- ഒരു സ്ത്രീയുടെ ജീവിതത്തില്‍ അവര്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37- 47 പ്രായത്തിലാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആ സമയത്ത് അവര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ. നല്ല പാട്ടുകളും മറ്റ് വാണിജ്യ ഘടകങ്ങളുമുള്ള ചിത്രമാണിത്, സന്തോഷ് പണ്ഡിറ്റ് പറഞ്ഞിരുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍.
2011 ല്‍ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി സന്തോഷ് പണ്ഡിറ്റിന്‍റെ രംഗപ്രവേശം. തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം നായകനും സന്തോഷ് പണ്ഡിറ്റ് തന്നെ ആയിരുന്നു. ചിത്രങ്ങളുടെ മറ്റ് സാങ്കേതിക മേഖലകളും സന്തോഷ് ആണ് കൈകാര്യം ചെയ്തത്. നാല് വര്‍ഷത്തിനു ശേഷമെത്തുന്ന സന്തോഷ് പണ്ഡിറ്റ് ചിത്രമാണ് ആതിരയുടെ മകള്‍ അഞ്ജലി. 2019 ല്‍ പുറത്തെത്തിയ ബ്രോക്കര്‍ പ്രേമചന്ദ്രന്‍റെ ലീലാവിലാസങ്ങള്‍ക്കു ശേഷം എത്തുന്ന സന്തോഷ് പണ്ഡിറ്റ് ചിത്രമാണ് ഇത്.