'എ' സര്‍ട്ടിഫിക്കറ്റ്, 3.21 മണിക്കൂര്‍ ദൈര്‍ഘ്യം; ബോളിവുഡില്‍ നിന്ന് ഞെട്ടിക്കാന്‍ 'അനിമല്‍': ട്രെയ്‍ലര്‍

By Web Team  |  First Published Nov 23, 2023, 4:13 PM IST

ആക്ഷന്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം


ബോളിവുഡില്‍ നിന്നുള്ള അപ്കമിം​ഗ് റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഒന്നാണ് രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന അനിമല്‍. ട്രെന്‍ഡ് സെറ്റര്‍ ആയിരുന്ന അര്‍ജുന്‍ റെഡ്ഡിയും അതിന്‍റെ ഹിന്ദി റീമേക്ക് ആയിരുന്ന കബീര്‍ സിം​ഗും ഒരുക്കിയ സന്ദീപ് റെഡ്ഡി വാം​​ഗ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ഈ പ്രോജക്റ്റിന് ഹൈപ്പ് ഉയര്‍ത്തിയത്. രശ്മിക മന്ദാനയാണ് നായിക എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. ഇതിനകം സെന്‍സറിം​ഗ് പൂര്‍ത്തിയായ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 3.21 മണിക്കൂര്‍ എന്ന വലിയ ദൈര്‍ഘ്യത്തിലാണ് ചിത്രം എത്തുന്നത്. അതേസമയം ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. 

ആക്ഷന്‍ ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രമാണിത്. 3.32 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ചടുലമായ ആക്ഷന്‍ രം​ഗങ്ങള്‍ക്കൊപ്പം വൈകാരികതയ്ക്കും പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. അനില്‍ കപൂര്‍, ബോബി ഡിയോള്‍, തൃപ്തി ഡിംറി, ശക്തി കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധാനത്തിനൊപ്പം രചനയും എഡിറ്റിം​ഗും സന്ദീപ് റെഡ്ഡി വാം​ഗ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഭൂഷണ്‍ കുമാര്‍, പ്രണയ് റെഡ്ഡി വാം​ഗ, മുരാദ് ഖേതേനി, ക്രിഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സംവിധായകനൊപ്പം പ്രണയ് റെഡ്ഡി വാം​ഗയും സുരേഷ് ബണ്ഡാരുവും എഴുത്തില്‍ സഹകരിച്ചിട്ടുണ്ട്. സംഭാഷണം സൗരഭ് ​ഗുപ്ത, ഛായാ​ഗ്രഹണം അമിത് റോയ്, ആക്ഷന്‍ സുപ്രീം സുന്ദര്‍. ഹിന്ദിക്കൊപ്പം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളിലും തിയറ്ററുകളില്‍ എത്തും. ഡിസംബര്‍ 1 ന് ആണ് റിലീസ്. 

Latest Videos

ALSO READ : സിനിമാ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയ്ക്ക് പരിക്ക്

click me!