ആര്‍ട്ടിക്കിള്‍ 15നു ശേഷം അനുഭവ് സിന്‍ഹ, ആയുഷ്‍മാന്‍ ഖുറാന
പറഞ്ഞ വിഷയത്തിന്‍റെ പ്രാധാന്യം കൊണ്ടും അവതരണരീതി കൊണ്ടും സിനിമാപ്രേമികളുടെ പ്രശംസ നേടിയ ചിത്രമായിരുന്നു 2019ല്‍ പുറത്തെത്തിയ ആര്‍ട്ടിക്കിള്‍ 15. ഈ ചിത്രത്തിന്‍റെ സംവിധായകനും നടനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് അനേക് (Anek). വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ജോഷ്വ എന്ന കഥാപാത്രത്തെയാണ് ആയുഷ്‍മാന്‍ (Ayushmann Khurrana) അവതരിപ്പിക്കുന്നത്. അവിടെ വിഘടനവാദികള്‍ ഉയര്‍ത്തുന്ന ഭീഷണിയെ അതിജീവിക്കാനായി നിയോഗിക്കപ്പെടുന്ന ഏജന്‍റ് ആണ് ഈ നായകകഥാപാത്രം. ആയുഷ്‍മാന്‍റെ കരിയറിലെ ആദ്യ ആക്ഷന്‍ ചിത്രമാണിത്.
നേരത്തെ മെയ് 13ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം രണ്‍വീര്‍ സിംഗിന്‍റെ ജയേഷ്‍ഭായ് ജോര്‍ദാറുമായുള്ള ബോക്സ് ഓഫീസ് മത്സരം ഒഴിവാക്കാന്‍27ലേക്ക് നീക്കിയിട്ടുണ്ട്. അസം, ഷില്ലോങ്ങ്, മേഘാലയ അടക്കം വടക്കു കിഴക്കന്‍ മേഖലയിലെ നിരവധി ലൊക്കേഷനുകളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ടി സിരീസ്, ബനാറസ് മീഡിയ വര്‍ക്ക്സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാറും അനുഭവം സിന്‍ഹയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ഇവാന്‍ മുള്ളിഗന്‍, എഡിറ്റിംഗ് യാഷ രാംചന്ദാനി.
റിലീസിനു മുന്‍പേ 100 കോടി ക്ലബ്ബില്‍! ഒടിടി റൈറ്റ്സില്‍ വന്‍ നേട്ടവുമായി 'വിക്രം'
കമല്‍ ഹാസന്‍ (Kamal Haasan), ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള തമിഴ് ചിത്രമാണ് വിക്രം (Vikram Movie). ജൂണ്‍ മൂന്നിന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രം ഇതിനകം നേടിയിട്ടുള്ള വന്‍ പ്രീ- റിലീസ് ഹൈപ്പ് ഒരു അവസരമായി കണ്ട് മികച്ച പ്രതിഫലമാണ് ഡിസ്നി നല്‍കിയിരിക്കുന്നത്. ഒടിടി റൈറ്റ്സിലൂടെത്തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നു എന്നാണ് വിവരം. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.
വിജയ് നായകനായ മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും വിക്രത്തെക്കുറിച്ചുള്ള പ്രേക്ഷകാകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. കമല്‍ ഹാസനൊപ്പം സിനിമ ചെയ്യാനായതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ലോകേഷ് കഴിഞ്ഞ ദിവസം ഇട്ട സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. തന്റെ ജീവിതത്തിലെ 36 വര്‍ഷത്തെ തപസാണ് ഉലകനായകനോടൊപ്പമുള്ള സിനിമയെന്നാണ് കമല്‍ ഹാസനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ലോകേഷ് കുറിച്ചത്. ലോകേഷിന്റെ സംവിധാന മികവിനെ കമൽഹാസൻ അഭിനന്ദിക്കുകയും ചെയ്‍തിരുന്നു. നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‍ലര്‍, ഓഡിയോ ലോഞ്ച് മേയ് 15ന് ആണ് നടക്കുന്നത്. ചിത്രത്തിലെ ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ കമൽ ഹാസൻ മുപ്പതു വയസ്സുകാരനായി എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.