'ഇന്ത്യന്‍ പാബ്ലോ എസ്‍കോബാര്‍'; ഹിറ്റടിക്കാന്‍ ഈ തെലുങ്ക് താരം, 'അമിഗോസ്' ട്രെയ്‍ലര്‍

By Web Team  |  First Published Feb 3, 2023, 6:53 PM IST

നന്ദമുറി ഹരികൃഷ്ണയുടെ മകനായ കല്യാണ്‍ റാം രണ്ട് പതിറ്റാണ്ടായി ടോളിവുഡിന്‍റെ അവിഭാജ്യ ഘടകമാണ്


ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ഇന്‍ഡസ്ട്രി ഇന്ന് തെലുങ്ക് ആണ്. ഇപ്പോഴിതാ തെലുങ്കില്‍ നിന്ന് മറ്റൊരു ആക്ഷന്‍ ഡ്രാമ ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. അമിഗോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് തെലുങ്ക് സിനിമയിലെ യുവതാരനിരയിലെ ശ്രദ്ധേയന്‍ നന്ദമുറി കല്യാണ്‍ റാം ആണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

നന്ദമുറി ഹരികൃഷ്ണയുടെ മകനായ കല്യാണ്‍ റാം രണ്ട് പതിറ്റാണ്ടായി ടോളിവുഡിന്‍റെ അവിഭാജ്യ ഘടകമാണ്. ഇക്കാലയളവില്‍ നിര്‍മ്മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ തെലുങ്ക് സിനിമയില്‍ തന്‍റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു കല്യാണ്‍. ബിംബിസാറ എന്ന അവസാന ചിത്രം ബോക്സ് ഓഫീസില്‍ വിജയം നേടിയതിന്‍റെ സന്തോഷത്തിലാണ് അദ്ദേഹം. മല്ലിടി വസിഷ്ഠ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ഇരട്ട വേഷത്തിലായിരുന്നു കല്യാണ്‍ റാം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അമിഗോസില്‍ ട്രിപ്പിള്‍ റോളിലാണ് അദ്ദേഹം എത്തുക.

Latest Videos

അപരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്ത ജീവിതം നയിക്കുന്ന, എന്നാല്‍ കാഴ്ചയില്‍ ഒരേപോലെയിരിക്കുന്ന മൂന്നു പേര്‍. സിദ്ധാര്‍ഥ്, മഞ്ജുനാഥ്, മൈക്കിള്‍ എന്നിങ്ങനെയാണ് ഈ കഥാപാത്രങ്ങളുടെ പേരുകള്‍. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. അഷികയാണ് ചിത്രത്തിലെ നായിക. 

ALSO READ : 'വിക്രം' സ്റ്റൈലില്‍ ടൈറ്റില്‍ ടീസര്‍; ലോകേഷ്- വിജയ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു

തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും രാജേന്ദ്ര റെഡ്ഡിയാണ്. നവീന്‍ യെര്‍നേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സി ഇ ഒ ചെറി, സംഗീത സംവിധാനം ജിബ്രാന്‍, ഛായാഗ്രഹണം എസ് സൌന്ദര്‍ രാജന്‍, എഡിറ്റിംഗ് തമ്മിരാജു, പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാഷ് കൊല്ല, വസ്ത്രാലങ്കാരം രാജേഷ്- അശ്വിന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസ് ഹരി തുമ്മല, പി ആര്‍ ഒ വംശി കാക, മാര്‍ക്കറ്റിംഗ് ഫസ്റ്റ് ഷോ, വാക്ക്ഡ് ഔട്ട് മീഡിയ, ഡി ഐ അന്നപൂര്‍ണ സ്റ്റുഡിയോസ്, ടെക്നിക്കല്‍ ഹെഡ് സി വി റാവു, കളറിസ്റ്റ് കൊടി. ചിത്രം ഫെബ്രുവരി 10 ന് തിയറ്ററുകളില്‍ എത്തും.

click me!