പാതി വെന്ത ഒരു അണ്റിലീസ്ഡ് ടീസര്‍ എന്ന മുഖവുരയോടെ
അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഗോള്‍ഡ്. 2022 ലെ ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 1 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന പ്രേമം പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനിപ്പുറം അല്‍ഫോന്‍സിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമെന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പോടെ ആയിരുന്ന ഗോള്‍ഡ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ പ്രേക്ഷകരുടെ നിരാകരണമാണ് ചിത്രം ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ഒരു വര്‍ഷത്തിനിപ്പുറം ചിത്രത്തിന്‍റെ മറ്റൊരു ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അല്‍ഫോന്‍സ് പുത്രന്‍.
പാതി വെന്ത ഒരു അണ്റിലീസ്ഡ് ടീസര്‍ എന്ന മുഖവുരയോടെയാണ് അല്‍ഫോന്‍സ് സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്. ലോഗോ ഡിസൈനിനും കളര്‍ കറക്ഷനും സൗണ്ട് ഡിസൈനിനും പശ്ചാത്തല സംഗീതത്തിനും മുന്‍പ്.. എല്ലാവര്‍ക്കും ഇഷ്ടമായെന്ന് കരുതുന്നു. ഗോള്‍ഡ് ആരാധകര്‍ക്ക് എന്ന തലക്കെട്ടോടെയാണ് സംവിധായകന്‍ ടീസര്‍ പങ്കുവച്ചിരിക്കുന്നത്.
ഗോള്‍ഡ് പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ചിത്രത്തിനെതിരെ വ്യാപരമായ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അല്‍ഫോന്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുത്തിരുന്നു. തമിഴിലാണ് അല്‍ഫോന്‍സിന്‍റേതായി പുറത്തെത്താനിരിക്കുന്ന അടുത്ത ചിത്രം. ഗിഫ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സാന്‍ഡിയും കോവൈ സരളയും സഹാന ശര്‍വേഷും സമ്പത്ത് രാജുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍ ആണെന്നും അതിനാല്‍ സിനിമാജീവിതം അവസാനിപ്പിക്കുകയാണെന്നും അല്‍ഫോന്‍സ് നേരത്തെ പറഞ്ഞിരുന്നു. താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെപോയ ചിത്രമാണ് ഗോള്‍ഡ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
"നിങ്ങള്‍ കണ്ട ഗോള്‍ഡ് എന്‍റെ ഗോള്‍ഡ് അല്ല. കൊവിഡ് കാലത്തിനുവേണ്ടിയുള്ള പൃഥ്വിരാജിന്‍റെയും ലിസ്റ്റിന്‍ സ്റ്റീഫന്‍റെയും സംരംഭത്തില്‍ ഞാന്‍ എന്‍റെ ലോഗോ വെക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. തിരക്കഥ ആവശ്യപ്പെടുന്ന തരത്തിലുള്ള സന്നാഹങ്ങളും സൌകര്യങ്ങളുമൊന്നും ഈ ചിത്രത്തില്‍ എനിക്ക് ലഭിച്ചില്ല. ആ സമയത്ത് എനിക്ക് ക്രോണിക് പാന്‍ക്രിയാറ്റൈറ്റിസ് ഉണ്ടായിരുന്നതിനാല്‍ തിരക്കഥയും സംവിധാനവും കളറിംഗും എഡിറ്റിംഗും മാത്രമേ എനിക്ക് ചെയ്യാന്‍ സാധിച്ചുള്ളൂ. അതിനാല്‍ ഗോള്‍ഡ് മറന്നേക്കുക", എന്നായിരുന്നു അല്‍ഫോന്‍സ് പുത്രന്‍റെ വാക്കുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം