'ബട്ടര്‍ഫ്ലൈ എഫക്റ്റ്' വിശദീകരിച്ച് മോഹന്‍ലാല്‍; എലോണ്‍ ടീസര്‍

By Web Team  |  First Published Jan 24, 2023, 9:25 PM IST

ആശിര്‍വാദിന്‍റെ 30-ാം ചിത്രം


മലയാള സിനിമയ്ക്ക് ഒട്ടേറെ വാണിജ്യ വിജയങ്ങള്‍ സമ്മാനിച്ച ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ട് 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രം. എലോണ്‍ എന്ന ചിത്രത്തിന്‍റെ യുഎസ്‍പി അതാണ്. ജനുവരി 26 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. തിയറ്ററുകളിലെത്താന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ചിത്രത്തിന്‍റെ ഒരു ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കയോസ് സിദ്ധാന്തത്തില്‍ പറയുന്ന ബട്ടര്‍ഫ്ലൈ എഫക്റ്റ് ഉദാഹരിക്കുന്നുണ്ട് ടീസറില്‍ മോഹന്‍ലാലിന്റെ കഥാപാത്രം.

മുന്‍പെത്തിയ ടീസറില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ദിഖുമൊക്കെ എത്തിയിരുന്നു. ആരാണെന്ന ചോദ്യത്തിന് യുണൈറ്റഡ് നേഷന്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രം ആ ടീസറില്‍ മറുപടി പറഞ്ഞത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിര്‍വാദ് സിനിമാസിന്‍റെ ലോഞ്ചിംഗ് ചിത്രം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്. മുന്‍പ് ഷാജി കൈലാസിന്‍റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. 

Latest Videos

ALSO READ : ഓസ്‍കര്‍ നേട്ടത്തിലേക്ക് അടുത്ത് ആര്‍ആര്‍ആര്‍; ഫൈനല്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിങ്ങനെയാണ് ചിത്രത്തിന്‍റെ പ്രധാന അണിയറക്കാര്‍. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 

click me!