പരിസ്ഥിതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മുരുകന്‍ മേലേരിയാണ്
സ്വതസിദ്ധമായ അഭിനയശൈലിയും ഡയലോഗ് ഡെലിവെറിയും കൊണ്ട് നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ നടനാണ് മാമുക്കോയ. സിനിമാലോകത്ത് വലിയ വിടവ് സൃഷ്ടിച്ചുകൊണ്ട് ഏപ്രില്‍ മാസത്തിലായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗം. ഇപ്പോഴിതാ മാമുക്കോയയെ ഒരിക്കല്‍ക്കൂടി ബിഗ് സ്ക്രീനില്‍ കാണാനുള്ള അവസരം കൈവരികയാണ് സിനിമാപ്രേമികള്‍ക്ക്. മാമുക്കോയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അക്കുവിന്‍റെ പടച്ചോന്‍ എന്ന ചിത്രമാണി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.
പരിസ്ഥിതി ചിത്രമായ അക്കുവിന്‍റെ പടച്ചോന്‍ സംവിധാനം ചെയ്തിരിക്കുന്നത് മുരുകന്‍ മേലേരിയാണ്. മുഖ്യകഥാപാത്രമായ അക്കുവിനെ അവതരിപ്പിക്കുന്നത് മാസ്റ്റർ വിനായക് ആണ്. മാമുക്കോയയ്ക്കൊപ്പം ശിവജി ഗുരുവായൂരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിനെക്കുറിച്ചും മതസൗഹാർദ്ദത്തെക്കുറിച്ചും സംസാരിക്കുന്ന ചിത്രമാണിത്. വിനായകാനന്ദ സിനിമാസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിജോ കെ ജോസ് നിർവ്വഹിക്കുന്നു. സംഗീത സംവിധായകൻ ഔസേപ്പച്ചനാണ് പശ്ചാത്തലസംഗീതം ഒരുക്കിയിട്ടുള്ളത്. ജയകുമാർ ചെങ്ങമനാട്, അഷ്റഫ് പാലപ്പെട്ടി എന്നിവരുടെ വരികൾക്ക് നടേഷ് ശങ്കർ, സുരേഷ് പേട്ട, ജോയ് മാധവൻ എന്നിവർ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ജോമോൻ സിറിയക്, പ്രൊഡക്ഷൻ കൺട്രോളർ റാഫി തിരൂർ, ആർട്ട് ഗ്ലാറ്റൻ പീറ്റർ, മേക്കപ്പ് എയർപോർട്ട് ബാബു, കോസ്റ്റ്യൂം അബ്ബാസ് പാണവള്ളി, കളറിസ്റ്റ് അലക്സ് വർഗീസ് (തപസി), സൗണ്ട് ഡിസൈനർ ബിജു യൂണിറ്റി, ഡിടിഎസ് മിക്സിംഗ് ജിയോ പയസ്, ഷൈജു എം എം, സ്റ്റിൽസ് അബിദ് കുറ്റിപ്പുറം, ഡിസൈൻ ആഷ്‌ലി ലിയോഫിൽ, പിആര്‍ഒ എ എസ് ദിനേശ്. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.