സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും
മമ്മൂട്ടിയും തെലുങ്ക് യുവതാരം അഖിൽ അക്കിനേനിയും ഒരുമിക്കുന്ന പാൻ ഇന്ത്യൻ ആക്ഷൻ ത്രില്ലർ ചിത്രം ഏജന്റിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയ്‍ലര്‍ ചിത്രം മികച്ച തിയറ്റര്‍ അനുഭവമായിരിക്കുമെന്നും പ്രതീക്ഷ പകരുന്നുണ്ട്. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) തലവന്‍ കേണൽ മഹാദേവനായാണ് മമ്മൂട്ടി ഏജന്‍റില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനാണ് അഖില്‍ അക്കിനേനിയുടെ കഥാപാത്രം. പാൻ ഇന്ത്യൻ പ്രേക്ഷകരെ ലക്ഷ്യമിട്ട് ബിഗ് ബജറ്റിലാണ് ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്.
സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ചിത്രത്തിലെ ദി ഗോഡ് എന്ന നിർണ്ണായക വേഷത്തിൽ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്. അഖിൽ, ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഹിപ് ഹോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂൽ എല്ലൂര്‍ ആണ്. എഡിറ്റർ ദേശീയ അവാർഡ് കരസ്ഥമാക്കിയ നവീൻ നൂലിയാണ്. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ല. ആക്ഷൻ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. പി ആർ ഒ പ്രതീഷ് ശേഖർ.
2019 ല്‍ പുറത്തെത്തിയ യാത്രയാണ് മമ്മൂട്ടിയുടെ അവസാന തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ ബയോപിക് ആയിരുന്ന യാത്രയില്‍ അദ്ദേഹത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ജനപ്രീതിയും നേടിയിരുന്നു ഈ ചിത്രം.