'അവനെ കൊന്നുകളഞ്ഞേക്ക്'; മമ്മൂട്ടിയുടെ ശബ്‍ദഗാംഭീര്യത്തില്‍ 'ഏജന്‍റ്' ട്രെയ്‍ലര്‍

By Web Team  |  First Published Apr 24, 2023, 7:26 PM IST

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസ് ആയി ഏപ്രില്‍ 28 ന് ആണ് എത്തുക


നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് ഏജന്‍റ്. അഖില്‍ അക്കിനേനി നായകനാവുന്ന ചിത്രത്തില്‍ മേജര്‍ മഹാദേവന്‍ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ഏപ്രില്‍ 18 ന് പുറത്തെത്തിയത് സിനിമാപ്രേമികള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ മലയാളി സിനിമാപ്രേമികള്‍ അതിലെ ഒരു പോരായ്മ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ഡയലോഗുകള്‍ പലതും മറ്റൊരാളുടെ ശബ്ദത്തിലാണ് എന്നതായിരുന്നു അത്. മമ്മൂട്ടി ഡബ്ബിംഗ് പൂര്‍ത്തിയാക്കും മുന്‍പ് മുന്‍നിശ്ചയപ്രകാരം ട്രെയ്‍ലര്‍ പുറത്തിറക്കുന്നതിനു വേണ്ടിയായിരുന്നു ഈ ഡബ്ബിംഗ്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിലെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ എല്ലാ ഡയലോഗുകളും അദ്ദേഹം തന്നെ പറയുന്ന തരത്തില്‍ ചിത്രത്തിന്‍റെ മലയാളം ട്രെയ്‍ലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. തെലുങ്കിലും മമ്മൂട്ടി തന്നെയാണ് ഡബ്ബിംഗ് പൂർണ്ണമായും ചെയ്യുന്നത്.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പാന്‍ ഇന്ത്യന്‍ റിലീസ് ആയി ഏപ്രില്‍ 28 ന് ആണ് എത്തുക. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) തലവന്‍ മേജര്‍ മഹാദേവനായാണ് മമ്മൂട്ടി ഏജന്‍റില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനാണ് അഖില്‍ അക്കിനേനിയുടെ കഥാപാത്രം. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ചിത്രത്തിലെ ദി ഗോഡ് എന്ന നിർണ്ണായക വേഷത്തിൽ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്. അഖിൽ, ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ഹിപ് ഹോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂൽ എല്ലൂര്‍ ആണ്. എഡിറ്റർ ദേശീയ അവാർഡ് കരസ്ഥമാക്കിയ നവീൻ നൂലിയാണ്.

Latest Videos

ALSO READ : അപ്രതീക്ഷിത സാഹചര്യം; ലച്ചു ബിഗ് ബോസിന് പുറത്തേക്ക്!

click me!