മലയാളത്തിലും തമിഴിലുമായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം
ജോജു ജോര്‍ജ് (Joju George), നരെയ്‍ന്‍, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാക് ഹാരിസ് (Zac Harriss) സംവിധാനം ചെയ്യുന്ന 'അദൃശ്യ'ത്തിന്‍റെ (Adrishyam) ടീസര്‍ പുറത്തെത്തി. തമിഴിലും മലയാളത്തിലും ഒരേ സമയം ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. 'യുകി' എന്നാണ് തമിഴിലെ പേര്. നരെയ്ന്‍, പവിത്ര ലക്ഷ്‍മി, കായല്‍ ആനന്ദി, ആത്മീയ രാജന്‍, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‍കാന്ത്, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് തുടങ്ങിയവരും മലയാളം, തമിഴ് പതിപ്പുകളില്‍ അഭിനയിച്ചിരിക്കുന്നു.
ഫോറൻസിക്, കള എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ജുവിസ് പ്രൊഡക്ഷന്‍സുമായി ചേർന്ന് യു എ എൻ ഫിലിം ഹൗസ്, എ എ എ ആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പാക്ക്യരാജ് രാമലിംഗത്തിന്‍റേതാണ് രചന. ഛായാഗ്രഹണം പുഷ്പരാജ് സന്തോഷ്, എഡിറ്റിംഗ് ആഷിഷ് ജോസഫ്. രഞ്ജിൻ രാജ് പാട്ടുകളും ഡോൺ വിൻസന്‍റ് പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ഈ ദ്വിഭാഷാ സിനിമയുടെ ചിത്രീകരണം.