ഞെട്ടണ്ട, നിങ്ങള്‍ ഉദ്ദേശിച്ച ആള്‍ തന്നെ! മരിച്ചവരോട് സംസാരിക്കുന്ന പേരില്ലാ കഥാപാത്രവുമായി അദൃശ്യ ജാലകങ്ങള്‍

By Web Team  |  First Published Nov 8, 2023, 5:35 PM IST

കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നെന്ന് ടൊവിനോ


ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങള്‍ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഇതുവരെ കാണാത്ത ഗെറ്റപ്പിലും പ്രകടനത്തിലുമാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. നേരത്തെ 11 മാസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ലുക്ക് ആദ്യമായി പുറത്തെത്തിയപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഒരു സാങ്കല്‍പിക സ്ഥലത്ത് നടക്കുന്ന കഥയ്ക്ക് സര്‍റിയലിസ്റ്റിക് പരിചരണമാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. മനുഷ്യ യാഥാര്‍ഥ്യത്തിന് അപ്പുറത്തുള്ള അതീന്ദ്രീയമായ ഒരു ലോകത്തേക്ക് കേന്ദ്ര കഥാപാത്രത്തിനു മുന്നില്‍ ഒരു വാതില്‍ തുറക്കപ്പെടുകയാണ്. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ടൊവിനോയുടെ നായക കഥാപാത്രത്തിന് പേരില്ല.

കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതെന്ന് സ്റ്റില്ലുകള്‍ പങ്കുവച്ചുകൊണ്ട് ടൊവിനോ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. എല്ലനര്‍ ഫിലിംസ്, മൈത്രി മൂവി മേക്കേഴ്സ് എന്നിവര്‍ക്കൊപ്പം ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നിമിഷ സജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ഇന്ദ്രന്‍സുമുണ്ട്. മരിച്ചവരോട് സംസാരിക്കുന്ന നായക കഥാപാത്രത്തെ പുറത്തെത്തിയ ട്രെയ്‍ലറില്‍ കാണാം. മൂന്ന് മിനിറ്റില്‍ താഴെയാണ് ട്രെയ്‍ലറിന്‍റെ ദൈര്‍ഘ്യം. 

Latest Videos

ഇത്തവണ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിച്ച ദ് പോര്‍ട്രെയ്റ്റ്സിനു ശേഷം ഡോ. ബിജുവിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. അതേസമയം ടൊവിനോയുടേതായി പല ചിത്രങ്ങളും റിലീസിന് തയ്യാറെടുക്കുന്നുണ്ട്. സുജിത്ത് നമ്പ്യാരുടെ അജയന്‍റെ രണ്ടാം മോഷണം, അഖില്‍ പോള്‍- അനസ് ഖാന്‍ ടീമിന്‍റെ ഐഡന്‍റിറ്റി തുടങ്ങിയവയാണ് ടൊവിനോയുടേതായി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന മറ്റു ചിത്രങ്ങള്‍. ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാനിലും ടൊവിനോ എത്തുന്നുണ്ട്.

ALSO READ : മറ്റൊരു തമിഴ് താരത്തിലും തൊടാനാവാതിരുന്ന ഉയരം; അസാധാരണ നേട്ടവുമായി വിജയ്

click me!