ജൂണ്‍ 3ന് ചിത്രം റിലീസ് ചെയ്യും.
മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ (Sandeep Unnikrishnan) ജീവിതകഥ പറയുന്ന 'മേജറി'ന്റെ (Major) ട്രെയിലർ പുറത്തുവിട്ടു. ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ഏവരുടെയും മനസ്സിൽ നോവുണർത്തുകയും അഭിമാനം തോന്നിപ്പിക്കുകയും ചെയ്യുന്ന വിധമാണ് തയ്യാറാക്കിയിരിക്കുന്നത്. അദിവ് ശേഷ് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുക.
നടൻ പൃഥ്വിരാജാണ് ചിത്രത്തിന്റെ മലയാളം ട്രെയിലർ പുറത്തുവിട്ടത്. മേജർ ട്രെയിലർ പുറത്തുവിടുന്നതിൽ അഭിമാനിക്കുന്നുവെന്നും ചിത്രത്തിന്റെ എല്ലാ അംഗങ്ങൾക്കും ആശംസകൾ അറിയിക്കുന്നതായും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. ജൂണ്‍ 3ന് ചിത്രം റിലീസ് ചെയ്യും.
നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിർമ്മാണം. പൃഥ്വിരാജ് നായകനായി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 9ന് ശേഷം സോണി പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ചിത്രമാണ് മേജര്‍. അദിവി ശേഷിന്‍റെ അദിവി എന്‍റര്‍ടെയ്‍ന്‍മെന്‍റും ശരത് ചന്ദ്ര, അനുരാഗ് റെഡ്ഡി എന്നിവരുടെ എ + എസ് മൂവീസും ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളികളാണ്. 120 ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയിൽ എട്ട് സെറ്റുകളും 75 ലധികം ലൊക്കേഷനുകളും ഉപയോഗിച്ചിട്ടുണ്ട്.
2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ 14 പൗരന്‍മാരെ രക്ഷിച്ച എന്‍എസ്‍ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്ന് സന്ദീപ് ഉണ്ണികൃഷ്‍ണന്‍ വെടിയേറ്റ് മരിച്ചത്. നേരത്തെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ ‘മേജര്‍ ബിഗിനിംഗ്സ്’ എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു. സിനിമയില്‍ ഒപ്പിട്ടത് മുതല്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരയുള്ള സംഭവങ്ങള്‍ അദിവ് വീഡിയോയില്‍ പറഞ്ഞിരുന്നു.
കടലിനടിയിലെ മായിക ലോകം; ‘അവതാർ 2’ ടീസർ ലീക്കായി
ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ട്ടിച്ച ജെയിംസ് കാമറൂണ്‍(James Camaroon) ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിനായുള്ള(Avatar 2) കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. അടുത്തിടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പബ്രവർത്തകർ പുറത്തുവിട്ടത്. ഈ അവസരത്തിൽ ‘അവതാർ 2’ ടീസർ ലീക്കായെന്ന വിവരമാണ് പുറത്തുവരുന്നത്. എച്ച് ഡി ക്വാളിറ്റിയുള്ള ടീസറാണ് ഇന്റർനെറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്. എന്നാൽ നിര്‍മാണ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ടീസര്‍ റിലീസ് ചെയ്തിട്ടില്ല.
അവതാറിന്റെ ആദ്യഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെതിരെയും ആയിരുന്നെങ്കിൽ പുതിയ ചിത്രം കടലിനുള്ളിലെ മായിക ലോകമാണ് പ്രേക്ഷകർക്ക് മുന്നിൽ കാമറൂൺ എത്തിക്കുന്നത്. ഈ വർഷം ഡിസംബർ 16ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
'അവതാർ- ദ വേ ഓഫ് വാട്ടർ' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ചിത്രത്തിന്റെ നിർമാതാക്കളായ ട്വന്റീത് സെഞ്ച്വറി ഫോക്സാണ് ഇക്കാര്യം അറിയിച്ചത്. ലാസ് വേഗാസിലെ സീസർ പാലസിൽ നടന്ന സിനിമാകോൺ ചടങ്ങിലാണ് റിലീസ് പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ ട്രെയിലർ ഡോക്ടർ സ്ട്രെയിഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഓഫ് മാഡ്നെസ് എന്ന ചിത്രത്തിനൊപ്പം മേയ് ആറിന് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ് വിവരം.