ഭീഷ്മ പര്‍വ്വം, സിബിഐ 5ാം ഭാഗം എന്നിവയാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.
റിലീസിനൊരുങ്ങുന്ന മമ്മൂട്ടി (Mammootty) ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായ സിനിമയാണ് 'പുഴു'(Puzhu). ചിത്രം ഒടിടി റിലീസായി സോണി ലിവിലൂടെ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഉദ്വോഗം ആകാംക്ഷയും ഉളവാക്കുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ മികച്ച പ്രകടനം തന്നെ ട്രെയിലര്‍ ഉറപ്പ് നൽകുന്നുണ്ട്.
ചിത്രം മെയ് 13ന് പ്രേക്ഷകർക്ക് മുന്നിലെത്തും. നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നു.
തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്‍ഡിന്‍റെ ബാനറിലാണ് 'പുഴു'വെന്ന ചിത്രത്തിന്റെ നിര്‍മാണം. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്. ദുല്‍ഖറിന്‍റെ വേഫെയറര്‍ ഫിലിംസ് ആണ് സഹനിര്‍മ്മാണവും വിതരണവും.
സംഗീതം ജേക്സ് ബിജോയ്. കലാസംവിധാനം മനു ജഗത്ത്. സൗണ്ട് വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, സംഘട്ടനം മാഫിയ ശശി എന്നിവരുമാണ്. ദുൽഖറിന്റെ സല്യൂട്ടിന് പിന്നാലെയാണ് മമ്മൂട്ടി ചിത്രവും ഒടിടിയിൽ റിലീസ് ചെയ്യുന്നത്. ഇന്ന് റിലീസ് പ്രഖ്യാപിച്ചിരുന്ന സല്യൂട്ട് കഴിഞ്ഞ ദിവസം തന്നെ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.
ഭീഷ്മ പര്‍വ്വം, സിബിഐ 5ാം ഭാഗം എന്നിവയാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അമല്‍ നീരദ് ആയിരുന്നു ഭീഷ്മ പർവ്വത്തിന്റെ സംവിധാനം. ഇന്നായിരുന്നു സിബിഐ5ന്റെ റിലീസ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.