ഉദയകൃഷ്‍ണയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ
മോഹന്‍ലാലിനെ (Mohanlal) ടൈറ്റില്‍ കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ (B Unnikrishnan) സംവിധാനം ചെയ്ത ആറാട്ടിന്‍റെ സക്സസ് ടീസര്‍ (Aaraattu Success Teaser) പുറത്തെത്തി. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ വിജയ ടീസര്‍ അവതരിപ്പിച്ചത്. 41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തിന്‍റെ ഇന്‍ട്രോയും ചില പഞ്ച് ഡയലോഗുകളും ആക്ഷനും പാട്ടുമൊക്കെയുണ്ട്. സൈന മൂവീസിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് പുതിയ ടീസര്‍ പുറത്തെത്തിയിരിക്കുന്നത്.
ഈ മാസം 18ന് ലോകമാകെ 2700 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നത്. ഏറെക്കാലത്തിനു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന മാസ് എന്‍റര്‍ടെയ്‍നര്‍ ചിത്രത്തിന് ഈ വര്‍ഷത്തെ മികച്ച ഓപണിംഗ് കളക്ഷനും ലഭിച്ചിരുന്നു. ആറാട്ടിന്‍റെ ആദ്യ മൂന്ന് ദിനങ്ങളിലെ ആഗോള ഗ്രോസ് കളക്ഷന്‍ 17.80 കോടിയാണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.
നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് ആറാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ബോക്സ് ഓഫീസില്‍ മികച്ച സക്സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ രചന. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് ഉദയകൃഷ്‍ണ ചിത്രത്തെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സും ശക്തിയും (എംപിഎം ഗ്രൂപ്പ്) ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍, ജോണി ആന്‍റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്സേന, സീത തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.
ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍ എത്തിയിരുന്നു- "ആറാട്ട് എന്ന സിനിമയെ രണ്ട് കൈയും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ഒരു അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്നര്‍ എന്നാണ് ആ സിനിമയെക്കുറിച്ച് നമ്മള് പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ല. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ. ആറാട്ട് എന്ന പേര് തന്നെ ഒരു ഉത്സവാന്തരീക്ഷം വച്ചിട്ടാണ് നമ്മള്‍ ഇട്ടിരിക്കുന്നത്. അത് വളരെയധികം ആളുകളിലേക്ക് എത്തി. രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഒരുപാട് സന്തോഷം, ഒരുപാട് നന്ദി. കൊവിഡ് മഹാമാരിയൊക്കെ കഴിഞ്ഞ് തിയറ്ററുകള്‍ വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണ്. ഈ സമയത്തേക്ക് എന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ തയ്യാറാക്കി തന്നിരിക്കുകയാണ്. വളരെയധികം നല്ല റിപ്പോര്‍ട്ടുകളാണ് കിട്ടുന്നത്. ഒരുപാട് പേര്‍ക്ക് നന്ദി പറയാനുണ്ട്. എ ആര്‍ റഹ്‍മാനോട് വളരെയധികം നന്ദി പറയുന്നു. കൊവിഡ് ഏറ്റവും മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയത്താണ് ഞങ്ങള്‍ ഇത് ഷൂട്ട് ചെയ്തത്. പക്ഷേ ഈശ്വരകൃപകൊണ്ട് എല്ലാം ഭംഗിയായി. ആ സിനിമ തിയറ്ററിലെത്തി. ഒരുപാട് സന്തോഷം. വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ ചെയ്ത വളരെ വ്യത്യസ്തമായ ഒരു എന്‍റര്‍ടെയ്നര്‍ ആണിത്. ആറാട്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ വളരെയധികം സന്തോഷം. സിനിമയുടെ പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്‍റെ നന്ദി. കൂടുതല്‍ നല്ല സിനിമകളുമായി വീണ്ടും വരും."