ന്യൂയോര്‍ക്ക്: വ്യാജ വീഡിയോകളെ തടുക്കാന്‍ പ്രത്യേക പദ്ധതിയുമായി യൂട്യൂബ്. അമേരിക്കയിലെ ലാസ് വേഗസ് വെടിവെപ്പുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോകള്‍ പ്രചരിച്ചതോടെയാണ് യൂട്യൂബ് പുതിയ പദ്ധതി ആരംഭിച്ചത്. ഇപ്പോള്‍ പ്രമുഖ വ്യക്തികളുടെ പേര് തേടുമ്പോള്‍ തന്നെ അവരുടെ വിവാദ വീഡിയോകളാണ് പലപ്പോഴും റിസര്‍ട്ടായി യൂട്യൂബ് ഉപയോക്താവിന് ലഭിക്കുന്നത്. ഇതില്‍ പലതും വ്യാജമായിരിക്കാന്‍ സാധ്യതയുണ്ട് എന്നതും പുതിയ നടപടിയിലേക്ക് ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള യൂട്യൂബിനെ നിര്‍ബന്ധിതരാക്കി.
ഇനി മുതല്‍ തിരയുമ്പോള്‍ ആധികാരികതയുള്ള വീഡിയോകള്‍ ആദ്യം വരുന്ന തരത്തില്‍ സാങ്കേതികമായ മാറ്റങ്ങളാണ് യൂട്യുബ് നടപ്പില്‍ വരുത്തിയിരിക്കുന്നത്. യൂട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്യുന്ന വ്യക്തിയ്ക്ക് വീഡിയോയിലെ വിഷയവുമായുള്ള ബന്ധത്തിനനുസരിച്ചാണ് മുന്‍ഗണന ലഭിക്കുക.
ലാസ് വേഗസ് വെടിവെപ്പിനെ കുറിച്ചോ കുറ്റവാളിയായ സ്റ്റീഫന്‍ പദോകിനെ കുറിച്ചോ യൂട്യുബില്‍ തിരഞ്ഞവര്‍ക്ക് സര്‍ക്കാര്‍ വിരുദ്ധ വീഡിയോകളാണ് ആദ്യം ലഭിച്ചിരുന്നത്. മാത്രമല്ല, സ്റ്റീഫന്‍ പദോക് ട്രംപ് വിരുദ്ധനായതിനാല്‍ കുറ്റവാളിയാക്കിയതാണെന്നും സര്‍ക്കാര്‍ ആസൂത്രണം ചെയ്ത അക്രമമാണെന്നും ആരോപിക്കുന്ന വീഡിയോകളാണ് മുന്‍ഗണനയില്‍ വന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ ഈ വിഷയം പ്രചരിക്കുകയും ദി ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്തതോടെയാണ് തിരച്ചില്‍ ഫലങ്ങള്‍ ക്രമീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ യൂട്യുബ് തിരുമാനിച്ചത്.
മാറ്റങ്ങള്‍ വരുത്തിയ ശേഷം ഇപ്പോള്‍ സ്റ്റിഫര്‍ പദോക് എന്ന് തിരഞ്ഞാല്‍ ബി.ബി.സി, യു.എസ്.എ ടുഡേ, എന്‍.ബി.സി ന്യൂസ് തുടങ്ങിയ പ്രധാന മാധ്യമങ്ങള്‍ നല്‍കിയ വീഡിയോകളാണ് മുകളില്‍ ലഭിക്കുക.