ലോകത്ത് ഏറ്റവും കൂടുതല്‍ വീഡിയോ കാണുന്ന പ്ലാറ്റ് ഫോം ആണ് യൂട്യൂബ്. പുതിയ കണക്ക് പ്രകാരം ഒരു ദിവസം യൂട്യൂബ് കാണുന്നതിനായി ലോകത്താകമാനമുള്ള ആളുകള്‍ ചെലവഴിക്കുന്നത് നൂറ് കോടി മണിക്കൂറാണ്. ഒരാള്‍ക്ക് തന്‍റെ ജീവിതകാലം മുഴുവന്‍ ഇരുന്നു കണ്ടാലും സാധിക്കാത്ത കാഴ്ചകളാണ് ഒരു ദിവസം യൂട്യൂബില്‍ ഉണ്ടാകുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഈ രസകരമായ കണക്ക് പുറത്തു വിട്ടിരിക്കുന്നതും യൂട്യൂബ് തന്നെയാണ്. തങ്ങളുടെ ഒഫിഷ്യല്‍ ബ്ലോഗിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 2014ല്‍ 30 കോടിയായിരുന്നത് 2015 ആയപ്പോഴേക്കും 50 കോടിയായി ഉയര്‍ന്നു. ഇത് 2016ല്‍ എത്തിയപ്പോഴേക്കും ഇരട്ടിയായി ഉയരുന്നതാണ് കണക്കുകള്‍ കാണിക്കുന്നത്. ഈ വര്‍ഷം ഇതിലും മികച്ച വളര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്.
ഇന്ത്യയിലടക്കം ലോകത്താകമാനം ഇന്റര്‍നെറ്റ് ഉപഭോഗത്തിലുണ്ടായ വര്‍ധനവാണ് യൂട്യൂബിലൂടെ കാണുന്നവരുടെ എണ്ണം കൂടുന്നതിന് കാരണമാകുന്നത്. റിലയന്‍സ് ജിയോ കൂടി വന്നതോടെ അതിവേഗ ഇന്റര്‍നെറ്റും കൈവരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇവത് വളരാന്‍ തന്നെയാണ് സാധ്യത.