അനുയോജ്യമല്ലാത്ത വീഡിയോകള്‍ കുട്ടികളില്‍ എത്തുന്നത് തടയാന്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് യൂട്യൂബ്. ഇതിനായി പ്രത്യേക മാനദണ്ഡങ്ങള്‍ എടുക്കുകയാണ് യൂട്യൂബ്. മുതിര്‍ന്നവര്‍ക്ക് മാത്രം കാണാവുന്ന വീഡിയോകള്‍ കുട്ടികളില്‍ എത്തുന്നത് തടയുന്നതിന്‍റെ ഭാഗമായി ഏതാണ്ട് 50 യൂസര്‍ ചാനലുകള്‍ കഴിഞ്ഞ വാരം യൂട്യൂബ് പൂട്ടി, ഒപ്പം 35 ലക്ഷം വീഡിയോകളില്‍ നിന്നും പരസ്യങ്ങള്‍ യൂട്യൂബ് പിന്‍വലിച്ചു.
ഇത് സംബന്ധിച്ച് യൂട്യൂബ് വൈസ് പ്രസിഡന്‍റ് ജോഹന്നാ റൈറ്റ് തന്‍റെ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. ആര്‍ക്കും കടന്നുവരാവുന്ന ഒരു സംവിധാനമാണ് യൂട്യൂബ്, അതിനാല്‍ തന്നെ മാതപിതാക്കളും, പരസ്യദാതക്കളും, നിയമപാലകരും എല്ലാം ജാഗരൂഗരായി ഇരുന്നാല്‍ മാത്രമേ അപകടകരമായ അവസ്ഥ ഒഴിവാക്കാന്‍ സാധിക്കൂ. യൂട്യൂബിന്‍റെ ആയിരക്കണക്കിന് ജീവനക്കാര്‍ വീഡിയോകളുടെ നിര്‍ബന്ധനകള്‍ പാലിക്കാനും, അല്ലാത്തവയെ നിയന്ത്രിക്കാനും ദിനവും രാത്രിയും ജോലി ചെയ്യുന്നുണ്ട് ബ്ലോഗ് പോസ്റ്റ് പറയുന്നു.
അടുത്തിടെ ഒരു കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന വീഡിയോ യൂട്യൂബില്‍ വൈറലായിരുന്നു. ഒരു കോമഡി സ്കിറ്റ് ആയിരുന്നെങ്കിലും ഇതിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെതിരെ പാശ്ചാത്യ ലോകത്തെ പ്രമുഖര്‍ പ്രതികരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കൂടിയാണ് യൂട്യൂബിന്‍റെ നടപടി എന്നാണ് റിപ്പോര്‍ട്ട്.