ന്യൂയോര്‍ക്ക്: ഇന്‍റര്‍നെറ്റ് ഭീമന്മാരായ യാഹൂ പേരുമാറ്റുന്നു. ഇനി മുതല്‍ അല്‍ടെബ എന്ന പേരിലായിരിക്കും യാഹൂ എത്തുക എന്നാണ് റിപ്പോര്‍ട്ട്. 2016 ജൂലൈയില്‍ അമേരിക്കന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ വെരിസോണ്‍ യാഹൂവിനെ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പേരുമാറ്റാനുള്ള കമ്പനിയുടെ തീരുമാനം.
ഡിജിറ്റല്‍ പരസ്യങ്ങള്‍, ഇ മെയില്‍, മാധ്യമ ആസ്തികള്‍ എന്നിവ ഉള്‍പെടെ യാഹുവിന്റെ പ്രധാന ഇന്റര്‍നെറ്റ് ബിസിനസുകള്‍ 483 കോടി ഡോളറിനാണ് വെരിസോണ്‍ സ്വന്തമാക്കിയത്. പേരുമാറ്റത്തിനൊപ്പം യാഹുവിന്റെ നിലവിലെ സിഇഒ മരിസ മേയര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ചു. ഇവര്‍ക്കൊപ്പം അഞ്ച് യറക്ടര്‍മാരും സ്ഥാനമൊഴിയുമെന്ന് യാഹു അറിയിച്ചു. എറിക് ബ്രാന്‍ഡായിരിക്കും പുതിയ കമ്പനിയുടെ ചെയര്‍മാന്‍.
അതേസമയം ഈ അഞ്ചുപേര്‍ ഒഴികെയുള്ള മറ്റ് ബോര്‍ഡ് അംഗങ്ങള്‍ അല്‍ടാബയുടെ ഭാഗമായി തുടരും. പുതിയ പേരായ അല്‍ടാബയുമായി ബന്ധപെട്ട മറ്റ് വിശദീകരണമൊന്നും കമ്പനി നടത്തിയിട്ടില്ല. മുമ്പ് രണ്ടുതവണ യാഹൂ ഹാക്കിംഗിന് ഇരയായത് ഏറ്റെടുക്കലിനിടയില്‍ കല്ലുകടിയായിട്ടുണ്ടെങ്കിലും കരാറുമായി മുന്നോട്ട് പോകാനാണ് വെരിസോണിന്റെ തീരുമാനം.