ഇന്ത്യയിലും ഫ്രാൻസിലും പേറ്റന്‍റ് ലംഘനം ആരോപിച്ച് നിയമ പ്രശ്‌നങ്ങള്‍ നേരിടുകയാണ് ഷവോമി
ദില്ലി: 2018 മുതല്‍ 4ജി സ്മാര്‍ട്ട്ഫോണുകളില്‍ എല്‍ടിഇ-അഡ്‌വാന്‍സ്‌ഡ് (LTE-A) സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി നിയമകുരുക്കില്‍. പേറ്റന്‍റ് നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് ഇന്ത്യയിലും ഫ്രാന്‍സിലുമാണ് ഷവോമിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഏകദേശം 24978 കോടി രൂപ മൂല്യമുള്ള സ്യൂട്ടുകളാണ് ഷവോമിക്കെതിരെ സൺ പേറ്റന്‍റ് ട്രസ്റ്റ് ഫയല്‍ ചെയ്തിരിക്കുന്നത് എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
എല്‍ടിഇ-എ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ ഇന്ത്യയിലും ഫ്രാൻസിലും പേറ്റന്‍റ് ലംഘനം ആരോപിച്ച് നിയമ പ്രശ്‌നങ്ങള്‍ നേരിടുകയാണ് ഷവോമി. മതിയായ ലൈസന്‍സില്ലാതെയാണ് ഷവോമി എല്‍ടിഇ-എ മൊബൈലുകളില്‍ ഉപയോഗിക്കുന്നത് എന്നാണ് ഈ സാങ്കേതികവിദ്യയുടെ പേറ്റന്‍റുണ്ട് എന്ന് അവകാശപ്പെടുന്ന സണ്‍ പേറ്റന്‍റ് ട്രസ്റ്റിന്‍റെ അവകാശവാദം. 3000 പാനസോണിക് പേറ്റന്‍റ് കൈവശമുള്ള ഭീമന്‍മാരാണ് ഡെലവെയർ ആസ്ഥാനമായുള്ള സണ്‍ പേറ്റന്‍റ് കമ്പനി. കഴിഞ്ഞ നാല് വര്‍ഷമായി ഷവോമിയുമായി ലൈസന്‍സിംഗ് ചര്‍ച്ചകളിലാണെന്നും എന്നാല്‍ ഇത് വിജയിച്ചില്ലെന്നും സണ്‍ പേറ്റന്‍റ് ട്രസ്റ്റ് പറയുന്നു.
undefined
സാധാരണ എല്‍ടിഇയേക്കാള്‍ വേഗവും മികച്ച പെര്‍ഫോര്‍മന്‍സും ഉറപ്പുവരുത്തുന്നതാണ് എല്‍ടിഇ-അഡ്‌വാന്‍സ്‌ഡ് ടെക്‌നോളജി. 2018 അവസാനം മുതല്‍ 4ജി സ്മാര്‍ട്ട്ഫോണുകളില്‍ മതിയായ ലൈന്‍സില്ലാതെ ഈ സാങ്കേതികവിദ്യ ഷവോമി ഉപയോഗിക്കുന്നതായാണ് സണ്‍ പേറ്റന്‍റ് ട്രസ്റ്റിന്‍റെ വാദം. ലൈന്‍സ് സംബന്ധിച്ച് ധാരണയില്ലെത്താന്‍ 2019 മുതല്‍ ഇരു കമ്പനികളും ശ്രമിച്ചിരുന്നുവെങ്കിലും ധാരണയിലെത്താനായില്ല. ഇതാണ് നിലവിലെ നിയമയുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
ദില്ലി ഹൈക്കോടതിയിലാണ് ഷവോമിയും സണ്‍ പേറ്റന്‍റ് ട്രസ്റ്റും തമ്മിലുള്ള കേസ് നടക്കുന്നത്. ഫ്രാന്‍സിലെ കേസ് നടക്കുന്നത് പാരിസ് ജുഡീഷ്യല്‍ കോടതിയിലും. എന്നാല്‍ പേറ്റന്‍റ് ലംഘന ആരോപണത്തെ കുറിച്ച് ഷവോമി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെയും പാരിസിലെയും കേസ് തീരാന്‍ മാസങ്ങളെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം