മൗണ്ടൻവ്യൂ : ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറിൽ പുതിയ മാൽവെറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്ലേ സ്റ്റോറിലെ എണ്ണൂറിലധികം ആപ്ലിക്കേഷനുകളിൽ സേവ്യർ എന്ന മാൽവെറിന്റെ സാന്നിധ്യമുണ്ടെന്നാണു കണ്ടെത്തല്‍. ട്രെൻഡ് ലാബ്സ് ഇന്റലിജൻസാണ് ഇത്തവണ മാൽവെർ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഫോട്ടോ മാനിപ്പുലേറ്റർ, വാൾപേപ്പർ, റിംഗ്ടോൺ ചേഞ്ചർ തുടങ്ങിയ ആപ്ലിക്കേഷനുകളിലാണ് സേവ്യറിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
രണ്ടു വർഷത്തിലധികമായി സേവ്യർ മാൽവെർ പ്ലേ സ്റ്റോറിലുണ്ടെന്നാണ് ട്രെൻഡ് ലാബ്സ് പറയുന്നത്. ഈ മാൽവെറിന്റെ സാന്നിധ്യമുള്ള ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുകവഴി ആൻഡ്രോയിഡ് ഉപകരണത്തിൽ കയറ്റിപ്പറ്റി കൂടുതൽ മാൽവെറുകളെ ഡൗൺലോഡ് ചെയ്യാൻ സേവ്യറിനു കഴിയും. പെട്ടെന്നു തിരിച്ചറിയപ്പെടാത്ത തരത്തിലാണ് സേവ്യറിനെ വികസിപ്പിച്ചിരിക്കുന്നത്. അതാണ് കണ്ടെത്താൻ ഇത്ര വൈകിയതും.
ജൂഡിയെ അപേക്ഷിച്ച് വളരെ അപകടകാരിയാണ് സേവ്യറെന്നാണ് വിലയിരുത്തൽ. പ്ലേ സ്റ്റോറിൽ 41 ആപ്ലിക്കേഷനുകളിലായിരുന്നു ജൂഡിയുടെ സമീപ്യമുണ്ടായിരുന്നത്. ഇതേത്തുടർന്ന് ആ ആപ്പുകൾ നീക്കംചെയ്യുകയും ചെയ്തു. മാൽവെർ ആക്രമണങ്ങളുടെ സാധ്യത തുടരുന്നതിനാൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് ട്രെൻഡ് ലാബ്സ് നിർദേശിക്കുന്നത്. കൃത്യമായ ഉറവിടമില്ലാത്ത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്. ഇൻസ്റ്റാൾ ചെയ്യുന്നതിനുമുന്പ് റിവ്യൂകളും വായിച്ചിരിക്കണം. സ്മാർട്ട്ഫോണുകളിൽ ആന്റിവൈറസ് സൂക്ഷിക്കുകയും വേണമെന്നാണ് ട്രെൻഡ് ലാബ്സ് പറയുന്നത്.