ജൂലൈ 17- ലോക ഇമോജി ദിനമാണ്. ഡിജിറ്റല്‍ സന്ദേശങ്ങളിലെ ഒഴിവാക്കാനാകാത്ത ഈ കുഞ്ഞന്‍ ഗ്രാഫിക്‌സുകള്‍ ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഒരു വാര്‍ത്താവിനിമയ ഉപാധിയാണ്.
ചിരി, ചിന്ത, സങ്കടം, സന്തോഷം, സമ്മതം, ആശങ്ക, അത്ഭുതം, അത്യാഹ്ലാദം, ആദരം, അനുകമ്പ, മൗനം, കുസൃതി, കുശുമ്പ്, പ്രണയം, കാമം, പുച്ഛം, ദേഷ്യം അങ്ങനെ മനുഷ്യസഹജമായ സകല ഭാവങ്ങള്‍ക്കും പകരംവയ്ക്കാന്‍ ഇന്ന് ഇമോജികളുണ്ട്. ഭക്ഷണപദാര്‍ത്ഥങ്ങള്‍, നേരമ്പോക്കുകള്‍, വാഹനങ്ങള്‍ എന്നുവേണ്ട ദൈനംദിന ജീവിതത്തില്‍ ഇടപെടേണ്ടിവരുന്ന ഒട്ടുമിക്ക പരിസരങ്ങളും ഈ കുഞ്ഞന്‍ ഗ്രാഫിക് അടയാളങ്ങളിലേക്ക് നമ്മള്‍ അനുദിനം പരിഭാഷപ്പെടുത്തുന്നു. പുതിയ കാലത്തിന്റെ ഭാഷയാണ് ഇമോജികള്‍. അക്ഷരത്തിനും എഴുത്തിനും എളുപ്പം വഴങ്ങാത്ത ഒരു വൈകാരിക നിമിഷത്തെ ഒറ്റ ക്ലിക്കില്‍ സംഭാഷണത്തോട് ചേര്‍ത്തുവയ്ക്കാം എന്ന സൗകര്യമാണ് ഇമോജികളെ ജനപ്രിയമാക്കിയത്.
അമേരിക്കന്‍ കംപ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ സ്‌കോട് ഫാള്‍മാനെ ഇമോജി എന്ന ആശയത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കാം. തന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ ബുള്ളറ്റിന്‍ ബോര്‍ഡില്‍ ശിഷ്യര്‍ പതിക്കുന്ന സന്ദേശങ്ങള്‍ കളിയാണോ കാര്യമാണോ എന്ന് തിരിച്ചറിയാതെ പലപ്പോഴും കുഴങ്ങിയ ഫാള്‍മാന്‍ ഇനി സന്ദേശമെഴുതുന്‌പോള്‍ അത് തമാശയാണെങ്കില്‍ ഒരു ചിരിക്കുന്ന മുഖത്തിന്റെ രേഖാചിത്രം ഒപ്പം ചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. ആദ്യ സ്‌മൈലി അങ്ങനെ പിറന്നു. ജാപ്പനീസ് ടെലികോം കമ്പനിയായ ഡോകോമോ ആണ് സന്ദേശങ്ങളില്‍ ആദ്യം സ്‌മൈലികള്‍ ചേര്‍ത്തുവച്ച് ഇമോജി എന്നുവിളിച്ചത്. എന്നാല്‍ ഇമോജി ഒരു ജാപ്പനീസ് പദമാണ്.
മൂന്നുപതിറ്റാണ്ടിന്റെ ചരിത്രം പറയാനുണ്ടെങ്കിലും കൃത്യമായി പറഞ്ഞാല്‍ 2011 ല്‍ ആപ്പിളും ഗൂഗിളും തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഉള്‍പ്പെടുത്തിയതോടെയാണ് ഇമോജികള്‍ ഡിജിറ്റല്‍ കാലത്തെ ആശയവിനിമയത്തിന്റെ അവിഭാജ്യ ഘടകമായത്. യൂണികോഡ് കണ്‍സോര്‍ഷ്യം എന്ന സംഘടനയാണ് ഇമോജികള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരം നല്‍കുന്നത്. ഇതുവരെ 2,666 ഇമോജികള്‍ക്കാണ് ഔദ്യോഗിക അംഗീകാരം കിട്ടിയത്. ഈ ലോക ഇമോജി ദിനത്തില്‍ പുതിയ 56 ഇമോജികള്‍ കൂടി യൂണികോഡ് കണ്‍സോര്‍ഷ്യം പുറത്തിറക്കി. അക്ഷരമാലയും വ്യാകരണവുമില്ലാത്ത പുതിയൊരു ഭാഷ ലോകഭാഷകളെയെല്ലാം ഡിജിറ്റല്‍ ലോകത്ത് പതിയെ പുനസ്ഥാപിക്കുകയാണ്.