ഇന്നലെയാണ് ലോക വ്യാപകമായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനം നിലച്ചത്
ദില്ലി: സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിന്‍റെ അപ്ഡേറ്റിലുണ്ടായ പിഴവിനെ തുടര്‍ന്ന് ആഗോളവ്യാപകമായി വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ നേരിടുന്ന പ്രശ്‌നത്തില്‍ പ്രതികരണവുമായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല.
'ഇന്നലെ (വെള്ളിയാഴ്‌ച) ക്രൗഡ്‌സ്ട്രൈക്ക് പുറത്തുവിട്ട അപ്‌ഡേറ്റാണ് ആഗോളതലത്തില്‍ കമ്പ്യൂട്ടറുകളെ ബാധിച്ചത്. ഞങ്ങള്‍ ഈ വിഷയങ്ങളെ കുറിച്ച് ബോധവാന്‍മാരാണ്. ഉപഭോക്താക്കൾക്ക് അവരുടെ കമ്പ്യൂട്ടറുകള്‍ സുരക്ഷിതമായി ഓൺലൈനിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള സാങ്കേതിക മാർഗനിർദേശവും പിന്തുണയും നൽകുന്നതിന് ക്രൗഡ്‌സ്ട്രൈക്കുമായും ഐടി മേഖല ഒന്നാകയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്' എന്നും സത്യ നദെല്ല ട്വീറ്റ് ചെയ്തു. ഇപ്പോള്‍ ആഗോളതലത്തില്‍ സാങ്കേതിക പ്രശ്നത്തിലായിരിക്കുന്ന വിന്‍ഡോസ് ഒഎസ് മൈക്രോസോഫ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് .
Yesterday, CrowdStrike released an update that began impacting IT systems globally. We are aware of this issue and are working closely with CrowdStrike and across the industry to provide customers technical guidance and support to safely bring their systems back online.
— Satya Nadella (@satyanadella)
ഇന്നലെയാണ് ലോക വ്യാപകമായി മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനം നിലച്ചത്. സൈബർ സെക്യൂരിറ്റി കമ്പനിയായ ക്രൗഡ്സ്ട്രൈക്കിന്‍റെ ഫാൽക്കൺ സെൻസർ എന്ന സുരക്ഷാ സോഫ്റ്റ്‍വെയറിലെ അപ്‌ഡേറ്റില്‍ വന്ന പിഴവാണ് മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളെ സാങ്കേതിക പ്രശ്നത്തിലേക്ക് തള്ളിവിട്ടത്. വിന്‍ഡോസ് ഒഎസിലുള്ള കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന 'ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്' സ്ക്രീനില്‍ എഴുതിക്കാണിക്കുകയും ചെയ്യുന്നതായിരുന്നു വിന്‍ഡോസ് കമ്പ്യൂട്ടറുകള്‍ക്ക് വെള്ളിയാഴ്‌ചയുണ്ടായ പ്രശ്‌നം.
ഇത് ലോകം കണ്ട ഏറ്റവും വലിയ ഐടി പ്രതിസന്ധിയായി മാറുന്നതാണ് പിന്നീട് കണ്ടത്. വിമാനത്താവളങ്ങള്‍, ബാങ്കുകള്‍, കമ്പനികള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടങ്ങി ക്രൗഡ്സ്ട്രൈക്കിന്‍റെ ആന്‍റിവൈറസുമായി ബന്ധിപ്പിച്ചിട്ടുള്ള മൈക്രോസോഫ്റ്റ് കമ്പ്യൂട്ടറുകളിലെല്ലാം പ്രശ്‌നം നേരിട്ടു. ലോകമാകെ ആയിരത്തിലധികം വിമാന സര്‍വീസുകളാണ് വിന്‍ഡോസ് ഒഎസിലെ പ്രശ്‌നം കാരണം മുടങ്ങിയത്. ഇന്ത്യയിലും വിമാന സര്‍വീസുകള്‍ താറുമാറായി. ഇപ്പോഴും പല വിമാനത്താവളങ്ങളിലും ചെക്ക്-ഇന്നും സര്‍വീസുകളും വൈകുകയാണ്. വിന്‍ഡോസ് ഒഎസിന്‍റെ പ്രവര്‍ത്തനത്തില്‍ തടസം നേരിട്ടതില്‍ ഉപഭോക്താക്കളോട് ക്രൗഡ്‌സ്‌ട്രൈക്ക് സിഇഒ മാപ്പ് ചോദിച്ചു.
Read more: വിൻഡോസ് കമ്പ്യൂട്ടറുകളിലെ പ്രശ്‌നം തുടരുന്നു; ഇന്നും ലോകം താറുമാറാകും, സമ്പൂര്‍ണ പരിഹാരം നീളും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം