'വഞ്ചന'യിലൂടെ സിരിയുടെ ശബ്ദമായി, മാസങ്ങളുടെ അധ്വാനത്തിന് ചില്ലിക്കാശ് കൊടുക്കാതെ ആപ്പിൾ

By Web Team  |  First Published Jan 3, 2024, 10:19 AM IST

സിരിയുടെ ശബ്ദമായവരോട് ആപ്പിൾ ചെയ്തത് വലിയ ചതിയാണ്. വളരെ തന്ത്രപരമായി മറ്റൊരു സ്ഥാപനം വോയിസ് ഓവർ ആർട്ടിസ്റ്റുമാരേക്കൊണ്ട് വളരെ കുറഞ്ഞ വേതനം നൽകി ചെയ്തെടുത്ത ശബ്ദ റെക്കോർഡിംഗ് സ്വന്തമാക്കുകയാണ് ആപ്പിൾ ചെയ്തത്. വർഷങ്ങൾക്ക് ശേഷവും പണമില്ലെങ്കിലും സിരിയുടെ ശബ്ദമായവരെ അംഗീകരിക്കാന്‍ പോലും ആപ്പിൾ തയ്യാറായില്ല.


അറ്റ്ലാന്‍റ: ആപ്പിളിന്റെ വോയിസ് അസിസ്റ്റന്‍റ് ആയ സിരിയെ അറിയാത്തവർ വളരെ കുറവായിരിക്കും. സ്പീച്ച് ഇന്‍റർപ്രെറ്റേഷന്‍റെയും റെക്കഗ്നിഷൻ ഇന്‍റർഫേസിന്‍റെയും ചുരുക്കെഴുത്താണ് സിരി. ലളിതമായ ശബ്ദ നിര്‍ദ്ദേശം അനുസരിച്ച് വളരെ വേഗം ഫോണില്‍ നിന്നും വിവരങ്ങൾ എടുക്കാനും അടിസ്ഥാന ജോലികൾ പൂർത്തിയാക്കാനും ആപ്പിൾ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ്  'സിരി' എന്ന ഫീച്ചർ രൂപകൽപ്പന ചെയ്തത്. എന്നാൽ സിരിയുടെ ശബ്ദമായവരോട് ആപ്പിൾ ചെയ്തത് വലിയ ചതിയാണ്. വളരെ തന്ത്രപരമായി മറ്റൊരു സ്ഥാപനം വോയിസ് ഓവർ ആർട്ടിസ്റ്റുമാരേക്കൊണ്ട് വളരെ കുറഞ്ഞ വേതനം നൽകി ചെയ്തെടുത്ത ശബ്ദ റെക്കോർഡിംഗ് സ്വന്തമാക്കുകയാണ് ആപ്പിൾ ചെയ്തത്. വർഷങ്ങൾക്കിപ്പുറം പോലും ഒരു ചില്ലി കാശ് പോലും ആപ്പിൾ ഈ ശബ്ദകലാകാരന്മാർക്ക് നൽകിയിട്ടില്ല. സാങ്കേതികമായി പറയുമ്പോൾ ഇവരെ അംഗീകരിക്കേണ്ട ബാധ്യത ആപ്പിളിന് ഇല്ലെന്നതാണ് വലിയ ചതി. 

വോയിസ് അസിസ്റ്റന്‍റ് വരുന്നതിന് വർഷങ്ങൾക്ക് മുന്‍പാണ് ഇതിനായുള്ള ശബ്ദം റെക്കോർഡ് ചെയ്യിപ്പിച്ചതെന്നാണ് അറ്റ്ലാന്‍റയിലെ ശബ്ദ കലാകാരിയായ സൂസന്‍ ബെന്നറ്റ് വിശദമാക്കുന്നത്. പരസ്യങ്ങൾക്കായി ജിംഗിൾസ് പാടിയിരുന്ന വ്യക്തിയായിരുന്നു സൂസൻ. അറ്റ്ലാന്‍റയിലെ വിവിധ സ്റ്റുഡിയോകളിലും സൂസൻ ജോലി ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഒരു ദിവസം ഒരു ജിംഗിസ് റെക്കോർഡിംഗ് ചെയ്യാനെത്തിയപ്പോൾ ജിംഗിൾസിന് വേണ്ട രീതിയിലുള്ളതല്ല സൂസന്റെ ശബ്ദമെന്ന് വിശദമാക്കിയ സ്റ്റുഡിയോ ഉടമ വിശദമാക്കി. ഇതിൽ നിരാശയായ സൂസൻ ഒരു വോയിസ് കോച്ചിംഗിന് സൂസൻ ചേർന്നിരുന്നു. ഇവിടെ വച്ച് കൂടുതൽ കോൺഫിഡന്റായി സൂസൻ തിരികെ എത്തി. സ്കാന്‍സോഫ്റ്റ് എന്ന സ്ഥാപനത്തിന് വേണ്ടി നിരവധി റെക്കോർഡിംഗുകൾ ചെയ്തു നൽകി. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ പേര് നോണ്‍സ് എന്നാണ്. 

Latest Videos

വളരെ വിചിത്രമെന്ന് റെക്കോർഡ് ചെയ്യുമ്പോൾ തോന്നുന്ന രീതിയിലുള്ള നിർദേശങ്ങളായിരുന്നു റെക്കോർഡ് ചെയ്യിപ്പിച്ചതെന്ന് വർഷങ്ങൾക്ക് ഇപ്പുറം സൂസൻ വിശദമാക്കുന്നു. തെരുവുകളുടേയും റോഡുകളുടേയും പേരുകളടക്കം മണിക്കൂറുകളോളം വീട്ടിലിരുന്ന് റെക്കോർഡ് ചെയ്താണ് സൂസൻ ടാസ്ക് പൂർത്തിയാക്കിയത്. ജൂലൈ മാസത്തിലെ എല്ലാ ദിവസവും ജോലി ചെയ്താണ് ആവശ്യപ്പെട്ട ജോലി പൂർത്തിയാക്കാനായത്. ആദ്യ സമയത്ത് രസകരമായി തോന്നിയെങ്കിലും നിരവധി മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ബോറടി തോന്നിയെങ്കിലും പറഞ്ഞ സമയത്തിനുള്ളിൽ തന്നെ സൂസൻ റെക്കോർഡിംഗ് പൂർത്തിയാക്കി. സിരി അവതരിപ്പിക്കുന്നതിന് ആറ് വർഷം മുന്‍പ് 2005ലായിരുന്നു ഈ റെക്കോർഡിംഗ് നടന്നത്. ആറ് വർഷങ്ങൾക്ക് പിന്നിട്ടപ്പോൾ സൂസനോടൊപ്പം ജോലി ചെയ്തിരുന്ന ഒരാളാണ് സൂസന്റെ ശബ്ദമാണ് സിരിക്കുള്ളതെന്ന് വിശദമാക്കുന്നത്. ഇതോടെ ആപ്പിളിന്‍റെ സൈറ്റിലെതതിയപ്പോഴാണ് തന്റെ ശബ്ദമാണ് ഉപയോഗിച്ചതെന്ന് വ്യക്തമായത്. സിഎന്‍എന്‍ റിപ്പോർട്ട് അനുസരിച്ച് 30 വർഷത്തെ പരിചയമുള്ള ഓഡിയോ ഫോറന്‍സിക് വിദഗ്ധർ സിരിയുടെ ശബ്ദം സൂസന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരു സ്ഥാപനം മുഖേന ശബ്ദം വാങ്ങിയതിനാലാവാം ആപ്പിൾ സിരിയുടെ ശബ്ദമായതിന് പ്രതിഫലം നൽകാത്തതെന്നാണ് സൂസന്‍ വിലയിരുത്തുന്നത്. 

പണം ലഭിച്ചില്ലെങ്കിലും ആപ്പിളിന്റെ അംഗീകാരം ലഭിക്കാത്തതിൽ സൂസന് നിരാശയുണ്ട്. എങ്കിലും ആളുകൾ തന്റെ ശബ്ദം ഉപയോഗിച്ച് രസിക്കുന്നത് സന്തോഷകരമായിരുന്നുവെന്നാണ് സൂസൻ പറയുന്നത്. പിന്നീടാണ് പല ഭാഷകളിൽ സിരി വിവിധ ശബ്ദം ഉപയോഗിച്ചത്. ബിബിസിയിലെ ശബ്ദ ആർട്ടിസ്റ്റായ ജോണ്‍ ബ്രിഗ്സ്, ഓസ്ട്രേലിയന്‍ സിരിക്ക് ശബ്ദം നൽകിയ കാരേന്‍ ജേക്കബ്സണ്‍ എന്നിവരുമായി സംസാരിച്ചപ്പോൾ സമാന അനുഭവമാണ് ഇവർക്കുമുണ്ടായതെന്ന് സൂസന് മനസിലാക്കാന്‍ സാധിച്ചു. ആപ്പിളുമായി ബന്ധപ്പെട്ടപ്പോൾ ഇവരുമായി കരാറില്ലെന്നായിരുന്നു പ്രതികരണം. വർഷങ്ങൾ പിന്നിട്ടപ്പോൾ സിരിയുടെ ശബ്ദം പല തവണ ആപ്പിൾ അപ്ഡേറ്റ് ചെയ്തു. വൈകാരികപരമായ പല അപ്ഡേറ്റുകളും സിരിക്ക് ഉണ്ടായി. സിരിയുടെ ശബ്ദമെന്ന പേരിൽ അറിയപ്പെട്ടിരുന്നുവെങ്കിൽ ലഭിച്ചേക്കാമായിരുന്ന അവസരങ്ങളേക്കുറിച്ച് ഓർക്കുമ്പോൾ നിരാശയുണ്ടെങ്കിലും ലഭിച്ച ചില അവസരങ്ങളെ പോസീറ്റീവായി കാണാനാണ് സൂസൻ താൽപര്യപ്പെടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!