ഐപിഎല്‍ കാലം പ്രമാണിച്ച് കിടിലന്‍ ഓഫറുമായി റിലയന്‍സ് ജിയോ രംഗത്ത്. 251 രൂപയ്ക്ക് 51 ദിവസം കാലാവധിയില്‍ 102 ജിബി ഡേറ്റ ലഭിക്കുന്ന പായ്ക്കാണു ജിയോ പുറത്തിറക്കിയിരിക്കുന്നത്. ഐപിഎല്‍ മത്സരങ്ങള്‍ ലൈവായി കാണുവാന്‍ ഡാറ്റ നല്‍കുക എന്നതാണ് ജിയോ ലക്ഷ്യമിടുന്നത് ഒപ്പം തന്നെ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ക്രിക്കറ്റ് അധിഷ്ഠിത പരിപാടികളും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒപ്പം ഉപയോക്താക്കള്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍ നല്‍കുന്ന ക്രിക്കറ്റ് ലൈവ് ഗെയിമാണ് ജിയോ അവതരിപ്പിക്കുന്ന പ്രധാന സവിശേഷത.ഏപ്രില്‍ ഏഴു മുതല്‍ മൈ ജിയോ ആപ്പിലൂടെയാണു ധന്‍ ധനാ ധന്‍ തല്‍സമയ ക്രിക്കറ്റ് ഹാസ്യ ഷോ അരങ്ങേറുക. ഹാസ്യതാരം സുനില്‍ ഗ്രോവറും ക്രിക്കറ്റ് കമന്റേറ്റര്‍ സമീര്‍ കൊച്ചാറും ചേര്‍ന്ന് അവതരിപ്പിക്കും.
കപില്‍ദേവ്, വീരേന്ദ്ര സെവാഗ് എന്നിവരുമുണ്ടാകും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി ഏഴരയ്ക്കാണു ഷോ. കാറുകളും മുംബൈയില്‍ ഒരു പ്രീമിയം വീടുമടക്കം ഒട്ടേറെ സമ്മാനങ്ങളാണു ലൈവ് ഗെയിമില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. ജിയോ ക്രിക്കറ്റ് പ്ലേ എലോങ് ലൈവ് ഗെയിമില്‍ 11 ഭാഷകളില്‍ പങ്കെടുക്കാം. ഏഴ് ആഴ്ചകളിലായി 60 മല്‍സരങ്ങളുണ്ടാകും.