ഭൂമി വിട്ടെവിടെ എന്നുള്ള ചോദ്യത്തിനാണ് കഴിഞ്ഞ കുറേ കാലങ്ങളായി ശാസ്ത്രലോകം ഉത്തരം തേടിക്കൊണ്ടിരിക്കുന്നത്. ഇതിനുള്ള ഉത്തരമായി ചൊവ്വയെ ചൂണ്ടിക്കാണിക്കാനുള്ള ഗവേഷണനിരീക്ഷണങ്ങൾ ആരംഭിച്ചിട്ടും കാലമേറെയായി. ഇന്ന് ചൊവ്വയുടെ പ്രതലം തരിശോ തണുത്തതോ വാസയോഗ്യമോ എന്ത് തന്നെയായാലും ഒരിക്കൽ അവിടെ വെള്ളമൊഴുകിയിരുന്നതിന്റെ തെളിവുകളുമായാണ് ശാസ്ത്രലോകത്തിന്റെ പുതിയ ചൊവ്വാപര്യവേഷണ റിപ്പോർട്ടുകൾ.
എന്നാൽ, ഈ ഒഴുകിയിരുന്ന വെള്ളത്തിന് എന്ത് സംഭവിച്ചു എന്നത് ഇപ്പോഴും നീണ്ട പദപ്രശ്നമായുണ്ട് താനും. എന്നാൽ, പുതിയ ഗവേഷണങ്ങൾ പറയുന്നത്, ഒരിക്കൽ സ്വതന്ത്രമായി ഒഴുകിയിരുന്നുവെന്ന് പറയപ്പെടുന്ന ഈ വെള്ളമൊക്കെ ഇന്ന് ചൊവ്വയിലെ പാറക്കെട്ടുകളിൽ കുടുങ്ങിക്കിടക്കുന്നു'വെന്നാണ്. നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിവരമുള്ളത്. ഓക്സ്ഫോർഡ് സർവകലാശാലയിലെ എർത്ത് സയൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്.