സന്‍ഫ്രാന്‍സിസ്കോ: സന്ദേശകൈമാറ്റത്തില്‍ ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ആപ്പാണ് വാട്ട്സ്ആപ്പ്‍. വാട്ട്സ്ആപ്പ് ഇനിമുതല്‍ സൗജന്യമാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പില്‍ എത്തുന്ന ചില ഫീച്ചറുകള്‍ ലഭ്യമാക്കുന്നതിന് ഇനി പണം നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന്‍റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. വാട്ട്സ്ആപ്പിലെ ബിസിനസ് ഫീച്ചറുകള്‍ക്ക് പണം നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്തക്കളുമായി സംസാരിക്കാനും അവരെ നിരീക്ഷിക്കാനും വാട്ട്സ്ആപ്പിലെ ബിസിനസ് ഫീച്ചര്‍ ഉപയോഗപ്പെടുത്താനാകും. ഉപഭോക്താക്കള്‍ക്കിടയിലെ ഇത്തരത്തില്‍ ബന്ധം നിലനിര്‍ത്തുന്നതിനായി വാട്ട്സ്ആപ്പ് ഫീച്ചര്‍ കമ്പനികള്‍ പണം കൊടുത്തു വാങ്ങുമെന്നാണ് പ്രതിക്ഷിക്കുന്നത്.
ചെറിയ ബിസിനസ്സുകാര്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കാനും അവരെ അപ്‌ഡേറ്റുകള്‍ അറിയിക്കാനും വാട്‌സ്ആപ്പ് ഫീച്ചര്‍ സഹായിക്കും.പരീക്ഷണത്തിനായി അവതരിപ്പിച്ച പുതിയ ഫീച്ചര്‍ ഇപ്പോള്‍ സൗജന്യമാണെങ്കിലും ഭാവിയില്‍ ഇതിന് പണം നല്‍കേണ്ടിവരുമെന്ന് വാട്‌സ്ആപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാറ്റ് ഇഡാമേ വ്യക്തമാക്കി. എന്നാല്‍ നിരക്ക് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ വാട്ട്സ്ആപ്പിന് ഒരു വര്‍ഷത്തെ യൂസര്‍ഫീയായി 0.99 ഡോളര്‍ അടക്കണം എന്നുണ്ടായിരുന്നു. എന്നാല്‍ വാട്ട്സ്ആപ്പ് ഫേസ്ബുക്ക് ഏറ്റെടുക്കുകയും. പിന്നീട് വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണം നൂറുകോടി കവിയുകയും ചെയ്തതോടെ വാട്ട്സ്ആപ്പ് പൂര്‍ണ്ണമായും സൗജന്യമായി. എന്നാല്‍ വീണ്ടും ഒരു ബിസിനസ് മോഡിലേക്ക് ഈ ആപ്പിനെ മാറ്റുന്നതിന്‍റെ ഭാഗമാണ് പുതിയ നീക്കം എന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.