വ്യാജ പ്രചാരണം തടയാൻ മുന്നിട്ടിറങ്ങി വാട്‌സ്ആപ്പ്, ലിങ്കുകള്‍ പരിശോധിക്കാന്‍ ഫീച്ചര്‍ വരുന്നു
തിരുവനന്തപുരം: തെറ്റായ വിവരങ്ങളുടെ പ്രചാരണം തടയുന്നതിനുള്ള സംവിധാനവുമായി സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ്. ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളിൽ നിന്ന് രക്ഷിക്കുന്നതിനായി പുതിയ ഫീച്ചർ പരീക്ഷിക്കുകയാണ് കമ്പനി. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളും ആ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയിൽ പരിശോധിക്കുക. ആൻഡ്രോയിഡ് ബീറ്റ 2.24.20.28 വേർഷനിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നതെന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.
വാട്‌സ്ആപ്പ് വഴി വ്യാജവാർത്തകളും സംശയാസ്പദമായ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സുരക്ഷാ സംവിധാനം ഒരുക്കാനുള്ള കമ്പനിയുടെ ശ്രമം. ലിങ്കിലെ വിവരം എന്താണെന്ന് മാത്രമല്ല. ആ ലിങ്കിനൊപ്പമുള്ള സന്ദേശത്തിലെ ഉള്ളടക്കവും ലിങ്ക് എത്തിക്കുന്ന വെബ്‌സൈറ്റിലെ ഉള്ളടക്കവും സാമ്യതയുണ്ടോ എന്നും പരിശോധിക്കും. ഗൂഗിളിന്‍റെ സഹായത്തോടെയാണ് ഈ പരിശോധന നടത്തുന്നത്.
യുആർഎൽ അടങ്ങുന്ന എന്തെങ്കിലും സന്ദേശം ലഭിച്ചെന്നിരിക്കട്ടെ ആ ലിങ്ക് ഉപഭോക്താവിന് ഇഷ്ടപ്രകാരം പരിശോധിച്ച് ഉറപ്പിക്കാനുള്ള അവസരവുമുണ്ട്. ഉപഭോക്താവ് ആവശ്യപ്പെടുന്ന ലിങ്കും ആ സന്ദേശവും മാത്രമാണ് ഇത്തരം സാഹചര്യങ്ങളിൽ പരിശോധിക്കുക. ഈ സന്ദേശങ്ങൾ സ്വകാര്യമായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. എവിടെയും സൂക്ഷിക്കുകയുമില്ല. അപകടരമായ വെബ്‌സൈറ്റുകളിലേക്ക് എത്തിപ്പെടുന്നത് തടയാൻ ഇതുവഴി സാധിക്കും.
Read more: സ്‌പാം കോള്‍, മെസേജ് മുന്നറിയിപ്പ് സംവിധാനം പൂര്‍ണ സൗജന്യം; സന്തോഷ വാര്‍ത്തയുമായി എയര്‍ടെല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം