ന്യൂയോര്‍ക്ക്: സന്ദേശ കൈമാറ്റ ആപ്പുകള്‍ തമ്മില്‍ ശക്തമായ മത്സരമാണ് ഇപ്പോള്‍ ടെക് ലോകത്ത് നടക്കുന്നത്. അതിനാല്‍ തന്നെ നിരന്തരം അപ്ഡേറ്റ് ആകുകയാണ് ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ്. പ്രമുഖ ടെക് ഇന്‍ഫോ ലീക്കറായ ഡബ്യൂഎ ബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം വാട്ട്സ്ആപ്പ് വീഡിയോ കോളും, വോയ്സ് കോളും മാറി മാറി സ്വിച്ച് ചെയ്യാവുന്ന സംവിധാനത്തിലേക്ക് മാറുന്നു.
ഇപ്പോഴത്തെ സംവിധാനം ഉപയോഗിച്ച് ഉപയോക്താവിന് കോള്‍ എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ ആദ്യം തന്നെ വീഡിയോ കോളോ, വോയിസ് കോളോ തിരഞ്ഞെടുക്കണം. ഇതിന് പകരം മെസഞ്ചറിലും മറ്റും കാണും രീതിയില്‍ രണ്ടും ഒരു സംവിധാനത്തില്‍ സംയോജിപ്പിക്കുകയാണ് വാട്ട്സ്ആപ്പ്.
വാട്ട്സ്ആപ്പിന്‍റെ 2.17.163 എന്ന പതിപ്പില്‍ ഈ പ്രത്യേക ഉണ്ടാകും എന്നാണ് സൂചന. ഇതിന് ഒപ്പം തന്നെ ഗ്രൂപ്പ് കോളിംഗ് സംവിധാനവും വാട്ട്സ്ആപ്പ് അവതരിപ്പിച്ചേക്കും എന്ന് റിപ്പോര്‍ട്ടുണ്ട്.