അബദ്ധത്തില്‍ അയച്ച വാട്സ്ആപ് സന്ദേശങ്ങള്‍ തിരിച്ചെടുക്കാനും ഇനി വഴിയുണ്ട്

By Web Desk  |  First Published Jul 27, 2017, 8:19 AM IST

വാട്സ്‍ആപില്‍ മേസേജുകള്‍ അയച്ചുകഴിഞ്ഞ ശേഷം വേണ്ടിയിരുന്നില്ലെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. അയച്ച സന്ദേശത്തില്‍ ചെറിയൊരു മാറ്റം, അതുമല്ലെങ്കില്‍ ആളുമാറിയോ ഗ്രൂപ്പ് മാറിയോ അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാനൊരു സംവിധാനം... ഇതൊക്കെ വെറും ആഗ്രഹം മാത്രമായി ഇനി അവശേഷിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അയച്ച സന്ദേശങ്ങള്‍ പുനഃപരിശോധിക്കാനും തിരുത്താനും അഞ്ച് മിനിറ്റ് സമയം നല്‍കുന്ന സംവിധാനമാണ് വാട്സ്ആപ് പുറത്തിറക്കാനൊരുങ്ങുന്നത്. വാട്സ്ആപിലെ പുതിയ സംവിധാനങ്ങള്‍ ആദ്യമേ പരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന WABetaInfo എന്ന വെബ്സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിടുന്നത്. സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ജിഫ് സന്ദേശങ്ങള്‍, ഡോക്യുമെന്റുകള്‍ എന്നിങ്ങനെ വാട്സ്‍ആപ് വഴി കൈമാറുന്ന എന്തും തിരുത്താനോ പിന്‍വലിക്കാനോ അഞ്ച് മിനിറ്റ് സമയം നല്‍കും. ഗ്രൂപ്പ് മാറിയും ആളുമാറിയും മെസേജുകള്‍ അയക്കുന്നവര്‍ക്ക് അനുഗ്രഹമാകും ഈ സൗകര്യം. വാട്സ്ആപിന്റെ 2.17.300 മുതലുള്ള വേര്‍ഷനുകളില്‍ ഈ 'റീകോള്‍' സംവിധാനം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. 2.17.190ആണ് വാട്സ്ആപ്പിന്റെ ഇപ്പോള്‍ ലഭ്യമായ ഏറ്റവും പുതിയ പതിപ്പ്. എങ്ങനെയായിരിക്കും ഇത് പ്രവര്‍ത്തിക്കുകയെന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Latest Videos

ലോകത്താകമാനം 1.2 ബില്യന്‍ സജീവ ഉപയോക്താക്കളാണ് വാട്‍സ്ആപിനുള്ളത്. 10 ഇന്ത്യന്‍ ഭാഷകളില്‍ ഉള്‍പ്പെടെ 50 വിവിധ ഭാഷകളില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയും. ഇന്ത്യയില്‍ 200 മില്യനോളം പേരാണ് നിലവില്‍ വാട്സ്ആപ് ഉപയോഗിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നത്. 

click me!