വാട്‌സ്ആപ്പില്‍ ഡോക്യുമെന്‍റ് ഫയലുകള്‍ സ്‌കാന്‍ ചെയ്ത് അയക്കാന്‍ എളുപ്പവഴിയായി, ഇനി തേഡ്-പാര്‍ട്ടി ആപ്ലിക്കേഷനുകളെ ആശ്രയിക്കേണ്ടതില്ല
തിരുവനന്തപുരം: ഐഫോൺ ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്ത. വാട്‌സ്ആപ്പിലെ ക്യാമറ ഉപയോഗിച്ച് ഇനി മുതൽ ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്ത് അയക്കാം. നേരത്തെ മറ്റുള്ള ആപ്പുകളെ ആശ്രയിച്ചായിരുന്നു ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്തിരുന്നത്. പുതിയ അപ്ഡേഷൻ വരുന്നതോടെ പ്രിന്‍റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പർ സ്‌കാൻ ചെയ്ത് പിഡിഎഫ് രൂപത്തിൽ മറ്റൊരാൾക്ക് അയച്ചുകൊടുക്കുന്നത് എളുപ്പമാകും.
വാട്‌സ്ആപ്പില്‍ ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്യാനായി ചാറ്റ് വിൻഡോ തുറക്കുക. ഇടത് ഭാഗത്ത് താഴെയുള്ള + ബട്ടൺ ടാപ്പ് ചെയ്യുക. തുടർന്ന് ഡോക്യുമെന്‍റിൽ ടാപ്പ് ചെയ്യുക. അപ്പോൾ ഓപ്പണാകുന്ന വിൻഡോയിൽ സ്‌കാൻ ഡോക്യുമെന്‍റ് ഓപ്ഷൻ കാണാം. അതിൽ ടാപ്പ് ചെയ്താൽ ക്യാമറ ഓപ്പണാകും. ഏത് ഡോക്യുമെന്‍റാണോ പകർത്തേണ്ടത് അത് ശേഷം ക്ലിക്ക് ചെയ്യുക. മുഴുവൻ പേജുകളും ഇത്തരത്തിൽ ഫോട്ടോയെടുത്ത് കഴിഞ്ഞാൽ സേവ് ബട്ടൺ ടാപ്പ് ചെയ്യുക. അപ്പോൾ തന്നെ നിങ്ങൾ സ്‌കാൻ ചെയ്ത പേജുകൾ പിഡിഎഫ് രൂപത്തിൽ അയക്കാനുള്ള ഓപ്ഷൻ കാണാം. സെന്‍റ് ബട്ടൺ ടാപ്പ് ചെയ്ത് ഈ ഡോക്യുമെന്‍റ് ആർക്കാണോ അയക്കേണ്ടത് അവർക്ക് അയയ്ക്കുക.
ഇപ്പോള്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ എത്തിയിരിക്കുന്ന വാട്‌സ്ആപ്പ് ഡോക്യുമെന്‍റ് സ്‌കാന്‍ ഫീച്ചര്‍ വൈകാതെ ആന്‍ഡ്രോയ്‌ഡിലേക്കും എത്തുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തിൽ ഏകദേശം 200 കോടിയിലേറെ ഉപയോക്താക്കളുള്ള മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്.
Read more: അവിവാഹിതര്‍ ഒന്നിച്ച് റൂം എടുക്കാന്‍ വരേണ്ട; പുത്തന്‍ നിയമവുമായി ഓയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം