ദില്ലി: വാട്ട്സ്ആപ് സൗജന്യമായാണ് നമ്മള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ മെസേജിങ് ആപ്പിന് കമ്പനി നിശ്ചിത തുക ഈടാക്കുമെന്ന സന്ദേശമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാട്ട്സ്ആപ്പില്‍ പ്രചരിച്ചത്. എന്നാല്‍ കമ്പനി ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നതാണ് വസ്തുത. 2014ലാണ് ഫെയ്സ്ബുക്ക് വാട്ട്സ്ആപ്പിനെ 19 ബില്യണ്‍ ഡോളറിന് സ്വന്തമാക്കിയത്. ഒരു ബിസിനസ് ആപ് അല്ലാതിരുന്നിട്ടും ഇത്തരത്തിലൊരു നീക്കം ഫെയ്സ്ബുക്ക് നടത്തിയത് മുതല്‍ വാട്സ്ആപ്പിന് നിരക്കുകള്‍ കൊണ്ടുവരുമെന്ന പ്രചരണം ഉണ്ടായിരുന്നു.
നിലവില്‍ 100ല്‍ അധികം രാജ്യങ്ങളില്‍ 1.2 ബില്യണ്‍ ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് സൗജന്യമായി തന്നെയാണ് ലഭ്യമാകുന്നത്. കൂടാതെ ആപ്ലിക്കേഷനില്‍ ബിസിനസ് ലക്ഷ്യമിട്ടുളള പരസ്യങ്ങള്‍ പോലുമില്ല. എന്നാല്‍ വാട്ട്സ്ആപ്പിനെ വാണിജ്യവത്കരിക്കാന്‍ കമ്പനി പുതിയ വഴി കണ്ടെത്തിയിട്ടുണ്ട്.
ബിസിനസ് സംരംഭങ്ങള്‍ക്ക് വേണ്ടി ബിസിനസ് ആപ് ആയിട്ടാണ് വാട്ട്സ്ആപ്പ് എത്തുക. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്കാണ് ഇത് ആദ്യം സേവനം നല്‍കുക. പിന്നീട് വ്യാപിപ്പിക്കും.