വാട്ട്സ്ആപ്പിനോട് കേന്ദ്ര സര്‍ക്കാറിന് അതൃപ്തി

By Web Team  |  First Published Aug 5, 2018, 8:25 PM IST

അടുത്തിടെ ഇന്ത്യയില്‍ നടന്ന പല ആള്‍ക്കൂട്ട കൊലകള്‍ക്കും കാരണം വാട്ട്സ്ആപ്പ് വഴി പ്രചരിച്ച വ്യാജ സന്ദേശങ്ങളാണ് എന്ന് പറഞ്ഞാണ് കേന്ദ്രം വാട്ട്സ്ആപ്പിനോട് വിശദീകരണം തേടിയത്. 


ദില്ലി: വ്യാജ വാര്‍ത്തകളും, അഭ്യൂഹങ്ങളും തടയുന്ന കാര്യത്തില്‍ വാട്ട്സ്ആപ്പ് സുപ്രധാന നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വ്യാജ വാര്‍ത്തകളും മറ്റും തടയുന്നതിനായി ഇന്ത്യയില്‍ പ്രദേശികമായി തങ്ങളുടെ ടീമിനെ നിയമിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വാട്ട്സ്ആപ്പ് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചത്. അടുത്തിടെ ഇന്ത്യയില്‍ നടന്ന പല ആള്‍ക്കൂട്ട കൊലകള്‍ക്കും കാരണം വാട്ട്സ്ആപ്പ് വഴി പ്രചരിച്ച വ്യാജ സന്ദേശങ്ങളാണ് എന്ന് പറഞ്ഞാണ് കേന്ദ്രം വാട്ട്സ്ആപ്പിനോട് വിശദീകരണം തേടിയത്. 

കേന്ദ്രം അയച്ച നോട്ടീസിനോട് പ്രതികരിച്ച വാട്ട്സ്ആപ്പ്. വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പ്രരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും. ഇതിന് പൂര്‍ണ്ണമായ മാര്‍ഗ രേഖ ആവശ്യമാണെന്നും. അടിയന്തര സാഹചര്യം അനുസരിച്ച് ഇന്ത്യയില്‍ വാട്ട്സ്ആപ്പിന്‍റെ ഒരു ടീമിനെ നിയമിച്ചെന്നും സര്‍ക്കാറിനെ അറിയിച്ചുവെന്ന് കേന്ദ്ര സര്‍ക്കാറിന്‍റെ ഐടി മന്ത്രാലയം വ്യക്തമാക്കി.

Latest Videos

undefined

എന്നാല്‍ വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തണം എന്ന സര്‍ക്കാറിന്‍റെ സുപ്രധാന നിര്‍ദേശത്തോട് വാട്ട്സ്ആപ്പ് അനുകൂലമായി അല്ല പ്രതികരിച്ചത്. തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഇത്തരം സന്ദേശങ്ങള്‍ സൗകാര്യത പാലിച്ചാണ് എത്തുന്നത് എന്നും, ഇത് പിന്‍വലിച്ച് കഴിഞ്ഞാല്‍ വലിയതോതില്‍ സ്വകാര്യത ദുരുപയോഗം ചെയ്യും എന്നതാണ് വാട്ട്സ്ആപ്പിന്‍റെ ഈ കാര്യത്തിലുള്ള മറുപടി.

പ്രദേശികമായി മുന്‍നിരക്കാരെ കണ്ടെത്തി കൂടുതല്‍ നിക്ഷേപം നടത്തി ഇന്ത്യന്‍ ടീമിനെ സംഘടിപ്പിക്കാനാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. വാട്ട്സ്ആപ്പ് വക്താവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

വ്യാജ സന്ദേശം മൂലം ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുവാന്‍ സര്‍ക്കാറും, ടെക് കമ്പനികളും, പൊതുസമൂഹവും ഒന്നിച്ച് പ്രവര്‍ത്തിക്കണം. വാട്ട്സ്ആപ്പിന്‍റെ ഫോര്‍വേഡ് നയങ്ങളില്‍ വരുത്തിയ മാറ്റം ടെക്നോളിക്കലായി അതിനുള്ള ചുവട് വയ്പ്പാണ്. വ്യാജ സന്ദേശം ഏത് എന്നത് തിരിച്ചറിയാനുള്ള പരിശീലനം ജനങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടത് വാട്ട്സ്ആപ്പ് വ്യക്തമാക്കുന്നു.

വാട്ട്സ്ആപ്പിനെതിരെ ആരോപണങ്ങള്‍ ഉയരുന്നതിന്‍റെ വെളിച്ചത്തില്‍ കഴിഞ്ഞ മാസം വാട്ട്സ്ആപ്പ് മെസേജ് ഫോര്‍വേഡിന്‍റെ പരിധി കുറച്ചിരുന്നു. ഇത് പ്രകാരം ഒരു വ്യക്തിക്ക് 5 സന്ദേശങ്ങള്‍ മാത്രമേ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ. അതേ സമയം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും സുപ്രീംകോടതിയിലും മറ്റും നിലനില്‍ക്കുകയാണ്. അതിനിടെയാണ് വാട്ട്സ്ആപ്പിനെതിരായ കേന്ദ്രത്തിന്‍റെ അതൃപ്തി ഉയരുന്നത്. ഇത് വാട്ട്സ്ആപ്പിന്‍റെ ഇന്ത്യയിലെ നിരോധനത്തിലേക്ക് എത്തിക്കുമോ എന്ന ആശങ്കയും ടെക് ലോകത്തുണ്ട്.

click me!