വാട്സ്ആപ്പിന്‍റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ് ബീറ്റാ പതിപ്പിന്‍റെ ടെസ്റ്റിംഗ് പരാജയം, ആപ്ലിക്കേഷനില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍
സാമൂഹ്യ മാധ്യമ ആപ്ലിക്കേഷനായ വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ് ബീറ്റാ വേര്‍ഷന്‍ പരീക്ഷിച്ചവരില്‍ പലര്‍ക്കും സാങ്കേതിക പ്രശ്‌നം എന്ന് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് ഫോര്‍മാറ്റിലുള്ള 2.24.24.5 ബീറ്റാ വേര്‍ഷനാണ് പ്രശ്നം നേരിടുന്നത്. ബീറ്റാ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്‌ത ശേഷം ആപ്പ് തുറന്ന് ചാറ്റിലും മെസേജിലും ടാപ് ചെയ്യുമ്പോള്‍ സ്ക്രീന്‍ പ്രവര്‍ത്തനരഹിതമാവുകയും ഗ്രീന്‍ സ്ക്രീനായി മാറുകയും ചെയ്യുന്നതായിരുന്നു പ്രശ്‌നം.
വാട്‌സ്ആപ്പിന്‍റെ ബീറ്റാ ടെസ്റ്റിംഗിന്‍റെ ഭാഗമായ ആന്‍ഡ്രോയ്‌ഡ് ഉപഭോക്താക്കളാണ് സാങ്കേതിക പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്‌തത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ വാട്‌സ്ആപ്പ് 2.24.24.5 ബീറ്റാ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്‌തവരുടെ സ്ക്രീന്‍ ഹാങ് ആവുകയും പച്ച നിറത്തിലുള്ള സ്ക്രീനായി മാറുകയും ചെയ്‌തത് ബീറ്റാ ടെസ്റ്റര്‍മാരെ വലച്ചു. ഉടനടി പ്രശ്നം പരിഹരിക്കാന്‍ ആപ്പ് ക്ലോസ് ചെയ്യുക മാത്രമായിരുന്നു ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മുന്നിലുള്ള ഏക പോംവഴി. വാട്‌സ്ആപ്പിന്‍റെ പുതിയ ബീറ്റാ വേര്‍ഷനില്‍ മാത്രമാണ് ഈ പ്രശ്നം നേരിട്ടത്. വാട്‌സ്ആപ്പിന്‍റെ യഥാര്‍ഥ ആപ്ലിക്കേഷന്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്തു.
Read more: ആപ്പിളിന്‍റെ പുതുവത്സര സമ്മാനം; ഐഫോണ്‍ എസ്ഇ 4 റെക്കോര്‍ഡിടും
വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് ബീറ്റാ ടെസ്റ്റര്‍മാര്‍ ഒരു ചാറ്റിലോ മെസേജിലോ ടാപ് ചെയ്യുമ്പോഴായിരുന്നു ഗ്രീന്‍ സ്ക്രീന്‍ പ്രശ്നം ഉടലെടുത്തത് എന്നാണ് വിശദാംശങ്ങള്‍. എന്നാല്‍ ഈ പ്രശ്നത്തെ കുറിച്ച് വാട്സ്ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റ പ്രതികരിച്ചിട്ടില്ല.
അതേസമയം വാട്‌സ്ആപ്പ് ഏറെ പുതിയ ഫീച്ചറുകള്‍ ആപ്പിള്‍ പരീക്ഷിച്ചുവരികയാണ്. വാട്‌സ്ആപ്പില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഫോട്ടോകള്‍ സത്യമാണോ എന്നറിയാന്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്യാന്‍ കഴിയുന്ന ഫീച്ചറാണ് ഇതിലൊന്ന്. വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് 2.24.23.13 ബീറ്റാ വേര്‍ഷനിലാണ് ഇതിന്‍റെ പരീക്ഷണം നടന്നുവരുന്നത്. 'സെര്‍ച്ച് ഓണ്‍ വെബ്' എന്നാണ് ഈ ഫീച്ചറിന്‍റെ പേര്. ഗൂഗിളിന്‍റെ ഏറെക്കാലമായുള്ള റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ഫീച്ചറുമായി വാട്‌സ്ആപ്പിനെ ബന്ധിപ്പിച്ചാണ് മെറ്റ സെര്‍ച്ച് ഓണ്‍ വെബ് പ്രവര്‍ത്തിപ്പിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം